ന്യൂഡൽഹി> അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മാർച്ച് 23ലെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. കേസിൽ രാഹുൽ ഗാന്ധിയുടെ ജാമ്യ കാലാവധി ഏപ്രിൽ 13 വരെ സൂറത്ത് സെഷൻസ് കോടതി നീട്ടി നൽകി.
പ്രധാനമന്ത്രിയെ വിമർശിക്കുന്നതിനിടെ മോദി സമുദായക്കാരെ മുഴുവൻ അവഹേളിച്ചെന്ന ബിജെപി എംഎൽഎ പൂർണേഷ് മോദിയുടെ പരാതിയിലാണ് രാഹുലിനെ ശിക്ഷിച്ചത്. പിന്നാലെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കുകയായിരുന്നു.