കോഴിക്കോട്> കോഴിക്കോട് അക്രമി ട്രെയിനിൽ തീവെച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചുവന്ന ഷർട്ട് ധരിച്ചയാൾ റോഡിൽ കാത്തുനിൽക്കുന്നതും കുറച്ചുസമയത്തിന് ശേഷം ഒരു ബൈക്കിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃക്സാക്ഷികൾ നൽകിയ വിവരണവുമായി ഒത്തുപോകുന്നതാണ് സിസിടിവിയിൽ കണ്ട വ്യക്തിയും. പ്രതിയെന്ന് സംശയിക്കുന്നയാളുടെ മൊബൈൽഫോണും ബാഗും വസ്ത്രവും കണ്ണടയും പൊലീസിന് ലഭിച്ചു.
ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഒരു കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കേരളത്തിൽ മുൻപെങ്ങും നടന്നിട്ടില്ലാത്ത വിധത്തിലുള്ള അക്രമത്തിൽ ശാസ്ത്രീയ അന്വേഷണം നടക്കുകയാണെന്നും പ്രതിയിലേക്ക് എത്തുന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചു. ട്രാക്കിൽനിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന കുറിപ്പിൽ തിരുവനന്തപുരം കഴക്കൂട്ടം, ചിറയിൻകീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് കുറിച്ചിട്ടുള്ളത്. ഡൽഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇംഗ്ലിഷിൽ ‘എസ്’ എന്ന രീതിയിൽ വലുതായി എഴുതിയിട്ടുണ്ട്. ചില കണക്കുകളും കുറിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ എലത്തൂരിൽ വച്ചാണ് സംഭവമുണ്ടായത്. അക്രമി ഡി1 കോച്ചിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ട്രാക്കിൽനിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടർന്നപ്പോൾ രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവർ ചികിത്സയിലാണ്. പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുന്നുണ്ട്. ഭീകരവാദ- മാവോയിസ്റ്റ് ആക്രമണ സാധ്യതയും അന്വേഷണസംഘം തള്ളുന്നില്ല.