കോഴിക്കോട് > കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തീകൊളുത്തിയ അക്രമിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്നായിരുന്നു പ്രാഥമിക വിവരം. ഇത് സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ബാഗും മൊബൈല്‍ ഫോണും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ട്രെയിനിലെ ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതി പുറത്തിറങ്ങി ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അല്പസമയത്തിനകം തന്നെ ഒരു ബൈക്ക് സ്ഥലത്തെത്തുകയും പ്രതി ബൈക്കില്‍ കയറി രക്ഷപെടുകയുമാണ് ചെയ്തതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത്.
പ്രതിക്കായി അന്വേഷണം ഊർജിതമാണ്. നിർണായക സാക്ഷി റാസിക്കിന്റെ സഹായത്തോടെ പ്രതിയുടെ രേഖചിത്രം തയ്യാറാക്കാനാണ് പൊലീസ് നീക്കം. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്നാണ് സാക്ഷി റാസിക്കിൽ നിന്നും ലഭിച്ച സൂചന. പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.