മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ 2014ൽ അധികാരത്തിൽ വന്നശേഷം രാജ്യത്ത് ദളിതരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് പശുവിന്റെ പേരിലുള്ള ആക്രമണങ്ങൾ വ്യാപകമായി. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടയാളമായി പശുവിനെ പ്രതിഷ്ഠിച്ചാണ് സംഘപരിവാർ ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുന്നത്. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആക്രമിക്കൾക്കെതിരെ കേസെടുക്കാത്തതും ഇരകളെ പ്രതികളാക്കുന്നതും ആക്രമണങ്ങൾ വർധിപ്പിക്കുന്നു. 10 വർഷത്തിനിടെ 82 സംഭവത്തിലായി 43 പേർ കൊല്ലപ്പെട്ടു. 145 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് സംഭവമൊഴികെ ബാക്കിയെല്ലാം മോദി അധികാരത്തിലെത്തിയ ശേഷമാണ്. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന യുപി, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നിഷ്ഠൂരമായ കൊലപാതകം നടക്കുന്നതിലേറെയും. ഏറ്റവും ഒടുവിലായിതാ ബിജെപി ഭരിക്കുന്ന കർണാടകത്തിൽ മുസ്ലീം യുവാവിനെ പശു കടത്ത് ആരോപിച്ച് കൊന്നു.
2015ന് മെയ് 30ന് രാജസ്ഥാനിലെ ബിറോക്കയിൽ വീടിനോടു ചേർന്ന് മാംസവിൽപ്പന നടത്തിയിരുന്ന അബ്ദുൾ ഗഫാർ ഖുറേഷിയെ വീടാക്രമിച്ച് മർദിച്ച് കൊന്നു. അതേവർഷം സെപ്തംബർ 28ന് യുപിയിൽ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചെന്നാരോപിച്ച് ദാദ്രിക്കടുത്തുള്ള ബിസഹ്ദ ഗ്രാമത്തിൽ വീടാക്രമിച്ച് മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തി.
2017 ഏപ്രിൽ 5ന് രാജസ്ഥാനിലെ ആൽവാറിൽ ക്ഷീര കർഷകനായ ഹരിയാന സ്വദേശി പെഹ്ലു ഖാനെ മർദിച്ച് കൊന്നു. അതേ വർഷം ജൂൺ 23ന് ബീഫ് കഴിച്ചെന്നാരോപിച്ച് ഒരു സംഘം ഡൽഹി-–-ബല്ലഭ്ഗഡ് ട്രെയിനിൽവച്ച് ജുനൈദിനെ കുത്തിക്കൊന്നു. 2019 ഏപ്രിൽ 11ന് ജാർഖണ്ഡിൽ ചത്ത കാളയുടെ മാംസം എടുക്കുന്നതിനിടെ പ്രകാശ് ലക്രയെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തി.
അങ്ങനെ വ്യത്യസ്ത സാഹചര്യങ്ങൾ പശുവിന്റെ പേരിൽ തീവ്രഹിന്ദുത്വവാദികൾ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുകയാണ്. അനാഫ്, ആരിഫ്, നസീം (2015 ആഗസ്ത് 2, യുപി), സാഹിദ് ബട്ട് (ഒക്ടോബർ 9, ജമ്മു കശ്മീർ), നൊമാൻ (ഒക്ടോബർ 14, ഹിമാചൽ പ്രദേശ്), ഖുഷ് നൂർ (ഡിസംബർ 9, ഹരിയാന),മസ്ലൂം അൻസാരി, ഇംതേയാസ് ഖാൻ (2016 മാർച്ച് 18, ജാർഖണ്ഡ്), അബു ഹനീഫ, റിയാസുദ്ദീൻ അലി ( 2017 മെയ് 1 അസം), നസിറുൾ ഹഖ് , മുഹമ്മദ് സമീറുദ്ദീൻ, എംഡി നസീർ (ജൂൺ 22, ബംഗാൾ),
അസ്ഗർ അൻസാരി (ജൂൺ 29, ജാർഖണ്ഡ്), ഉമ്മർ ഖാൻ (നവംബർ 10, രാജസ്ഥാൻ), ഡുള്ളു, സിറാബുദ്ദീൻ അൻസാരി, മുർതാസ അൻസാരി (2018 ജൂൺ 13, ജാർഖണ്ഡ്), സലീം ഖുറേഷി (ജൂൺ 14, യുപി), ഖാസീം (ജൂൺ 18, യുപി), റക്ബർ ഖാനെ (ജൂലൈ 20, രാജസ്ഥാൻ), കൈലാസ് നാഥ് ശുക്ള (ആഗസ്ത് 30, യുപി), നയീം അഹ്മദ് ഷാ (2019 മെയ് 16, ജമ്മു കശ്മീർ), ബുദ്ധി കുമാർ ( ജൂലൈ 2, ത്രിപുര), കലന്തസ് ബർല (സെപ്തംബർ 3, ജാർഖണ്ഡ്), പ്രകാശ് ദാസ്, റബീഉൾ ഇസ്ലാം (നവംബർ 21, ബംഗാൾ), മുഹമ്മദ് ഷെറ (2021 ജൂൺ 4, യുപി), ശരത് മോറ (ജൂൺ 12, അസം), ബാബു ഭീല (ജൂൺ 14, രാജസ്ഥാൻ), ഐജാസ് ദാർ (ജൂൺ 23, ജമ്മു കശ്മീർ), നസീർ അഹ്മദ് (2022 ആഗസ്ത് 2, മധ്യപ്രദേശ്), ജൂനൈദ്, നസീർ ( 2023 ഫെബ്രുവരി 17, ഹരിയാന), നസീം ഖുറേഷി (മാർച്ച് 7, ബിഹാർ), ഇദ്രീസ് പാഷ (ഏപ്രിൽ 1, കർണാടക) എന്നിവരാണ് കൊല്ലപ്പെട്ടത്.
(റിസർച്ച് ഡസ്ക്)