തിരുവനന്തപുരം
മെഡിസെപ് പദ്ധതിയിൽ അവയവമാറ്റം അടക്കമുള്ള അതീവ ഗുരുതരരോഗങ്ങളുടെ ചികിത്സാചെലവ് സർക്കാർ വഹിക്കും. ഇൻഷുറൻസ് കമ്പനി ഏർപ്പെടുത്തിയ പ്രത്യേക നിധിയിലെ (കോർപസ് ഫണ്ട്) തുക തീർന്ന സാഹചര്യത്തിലാണ് ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുന്നത്. ആദ്യ ഗഡുവായി ഒമ്പതുകോടി രൂപ ധനവകുപ്പ് അനുവദിച്ചു. തുടർന്നും മാസം മുന്നുകോടി രൂപയെങ്കിലും മാറ്റിവയ്ക്കും. കരൾ, വൃക്ക, ഹൃദയം, മുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ, ബ്രെയിൻസ്റ്റെം ഇംപ്ലാന്റ് തുടങ്ങിയ ആവശ്യവുമായി വരുന്നവരുടെ ചികിത്സ ഉറപ്പാക്കാനാണ് പ്രത്യേകനിധി. സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ നടത്തണമെന്നും സർക്കാർ നിർദേശിച്ചു.
നേരത്തെ മെഡിസെപ് ഏറ്റെടുത്ത ഇൻഷുറൻസ് കമ്പനിയുടെ കീഴിൽ 35 കോടി രൂപയുടെ പ്രത്യേക നിധി ഏർപ്പെടുത്തിയിരുന്നു. മുന്നുവർഷത്തേക്കാണ് തുക വിനിയോഗിക്കാൻ നിർദേശിച്ചത്. നിധിയിലെ പണം തീർന്നുപോയാലും ചികിത്സ മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഒരുവർഷത്തിനുള്ളിൽത്തന്നെ മുട്ട് , ഇടുപ്പെല്ല് മാറ്റിവയ്ക്കൽ എന്നിവയ്ക്കുമാത്രമായി തുക പൂർണമായും ചെലവായ സാഹചര്യത്തിലാണ് കൂടുതൽ അനുവദിച്ചതും സർക്കാർ ആശുപത്രികളിലെ മികച്ച സൗകര്യം ഉപയോഗിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചതും.
നിധിയിൽനിന്ന് ഇതുവരെ 1372 പേർ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ചെലവ് 27.2 കോടി രൂപ. 1.80 കോടി രൂപ ചെലവിൽ 99 പേർക്ക് ഇടുപ്പെല്ല് മാറ്റിവച്ചു. 34 പേർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായി. ചെലവ് 2.80 കോടി. 58.30 ലക്ഷം രൂപ ചെലവിൽ 13 പേർക്ക് ഹൃദയശസ്ത്രക്രിയ നടത്തി. പത്തുപേർ മജ്ജ മാറ്റിവച്ചു. ചെലവ് 58.32 ലക്ഷം. ഒരാൾക്ക് ബ്രെയിൻസ്റ്റെം ഇംപ്ലാന്റിന് 1.51 ലക്ഷവും നൽകി.