തിരുവനന്തപുരം
പൊതുപരീക്ഷാ മൂല്യനിർണയ ക്യാമ്പുകളിൽ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഒരു വിഭാഗം കാറ്റഗറി അധ്യാപകരുടെയും സംഘടനകളുടെയും ശ്രമങ്ങൾക്കെതിരെ അധ്യാപക സമൂഹം ജാഗ്രത പുലർത്തണമെന്ന് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറി
യിച്ചു.
തിങ്കൾമുതൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുകയാണ്. ഒരു വിഭാഗം ഹയർ സെക്കൻഡറി കാറ്റഗറി അധ്യാപകർ ക്യാമ്പുകൾ തടസ്സപ്പെടുത്താനും കുട്ടികളിലും രക്ഷിതാക്കളിലും പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും പ്രസ്താവനകളുമായി രംഗത്തുണ്ട്. കഴിഞ്ഞ വർഷം മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്കരിച്ച ഇക്കൂട്ടർ ഈ വർഷവും ക്യാമ്പുകൾ തടസ്സപ്പെടുത്തി ഫലം വൈകിപ്പിക്കാൻ വ്യാമോഹിക്കുകയാണ്. ഫലപ്രഖ്യാപനം വേഗത്തിൽ പ്രതീക്ഷിക്കുന്ന കുട്ടികളുടെ ഉത്തരക്കടലാസുകളെ ബന്ദിയാക്കി പരീക്ഷാഫലം വൈകിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നീചവും അപരിഷ്കൃതവുമാണ്. ഇത് വിദ്യാർഥികളോടും രക്ഷിതാക്കളോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയുമാണ്. മൂല്യനിർണയ ക്യാമ്പുകളിൽ ബോധപൂർവം അസ്വസ്ഥത സൃഷ്ടിക്കാനുള്ള കാറ്റഗറി അധ്യാപക സംഘടനകളുടെ നീക്കം രാഷ്ട്രീയ യജമാന്മാരെ തൃപ്തിപ്പെടുത്താനും അൺഎയ്ഡഡ് ലോബിയെ സഹായിക്കാനുമാണ്.
പ്രളയകാലത്ത് സാലറി ചലഞ്ചിൽ പങ്കെടുക്കാതെയും കോവിഡ് കാലത്ത് സർക്കാർ ഉത്തരവ് കത്തിച്ചും നിരന്തരം അധ്യാപകരെ പൊതുസമൂഹത്തിൽ അപഹസിച്ചവരാണ് ഇപ്പോൾ മൂല്യനിർണയ ക്യാമ്പുകളിൽ പ്രതിസന്ധി സൃഷ്ടിക്കാനൊരുങ്ങുന്നത്. കുട്ടികളുടെ ഉത്തരക്കടലാസുകൾവച്ച് പരീക്ഷാഫലം അട്ടിമറിക്കാനുള്ള നീക്കങ്ങളിൽ പൊതുസമൂഹമാകെ ജാഗ്രത പാലിക്കണമെന്നും എല്ലാ അപവാദ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ് ക്യാമ്പുകളിലെത്തി മൂല്യനിർണയത്തിൽ ഏർപ്പെടാൻ മുഴുവൻ അധ്യാപകരോടും കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ അഭ്യർഥിച്ചു.