തിരുവനന്തപുരം
ഐഎസ്ആർഒയുടെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി. ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ചശേഷം വിമാനംപോലെ തിരികെ എത്തുന്ന ആർഎൽവി റോക്കറ്റിന്റെ ലാൻഡിങ് പരീക്ഷണം വിജയം. ഞായറാഴ്ച രാവിലെ കർണാടകയിലെ ചിത്രദുർഗ ഡിആർഡിഒ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്റർ 7.10ന് ആര്‍എൽവിയുമായി പറന്നുയർന്നു. നാലര കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ പരീക്ഷണ വാഹനം വേർപെട്ടു. തുടർന്ന് ചിറകും സ്വയംനിയന്ത്രിത സംവിധാനവുംവഴി വാഹനം ലാൻഡിങ്ങിന് തയ്യാറെടുത്തു. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലാണ് റൺവേയിലേക്ക് കുതിച്ചത്. വേഗത നിയന്ത്രിക്കാൻ പാരച്യൂട്ട് നിവർന്നു. 7.40ന് എല്ലാ ആശങ്കകളും തകർത്ത് വിജയകരമായ ലാൻഡിങ്.
തദ്ദേശീയമായി വികസിപ്പിച്ച റഡാർ, സെൻസർ, ലാന്‍ഡിങ് ഗിയർ, ദിശാനിർണയം, പാരച്യൂട്ട് എന്നിവയുടെ ക്ഷമതാ പരിശോധനകൂടി ഇതിനൊപ്പം നടന്നു. ഇങ്ങനൊരു പരീക്ഷണം ബഹിരാകാശ ഏജൻസി നടത്തുന്നത് ആദ്യമാണ്. തിരുവനന്തപുരം വിഎസ്എസ്സിയാണ് വാഹനം രൂപകൽപന ചെയ്തത്. 10 വർഷമായി തയ്യാറെടുപ്പ് തുടങ്ങിയിട്ട്. 2016ലും 2019 ലും പ്രാഥമിക പരീക്ഷണം നടന്നു. അടുത്ത ഘട്ടത്തിൽ വാഹനത്തെ ബഹിരാകാശത്ത് എത്തിച്ച് പരീക്ഷണം നടത്തും. ഇതിന് കൂടുതൽ വലിപ്പമുള്ള വാഹനം നിർമിക്കുന്നുണ്ട്. ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ, പ്രോഗ്രാം ഡയറക്ടർ എൻ ശ്യാംമോഹൻ, ആർഎൽവി പ്രോജക്ട് ഡയറക്ടർ ഡോ. എം ജയകുമാർ, വെഹിക്കിൾ ഡയറക്ടർ മുത്തുപാണ്ഡ്യൻ തുടങ്ങിയവരാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്.