തിരുവനന്തപുരം> ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിനിടെ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും രമേശ് ചെന്നിത്തലയുടെ അനുയായിയായ ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്.
കയ്യാങ്കളിയിൽ തമ്പാനൂർ സതീഷിന് പരിക്കേറ്റു. യോഗ ഹാളിനുള്ളിൽ തരൂരിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ പ്രവേശിപ്പിക്കരുതെന്ന് സതീഷ് നിലപാടെടുത്തു. ഇവരെ ഹാളിൽ നിന്ന് പുറത്താക്കി. പിന്നീട് പുറത്തുവന്ന സതീഷും തരൂരിന്റെ പിഎയുമടക്കമുള്ളവർ തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവം കയ്യാങ്കളിയിൽ എത്തിയതോടെ നേതാക്കൾ ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്.
തരൂരിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളാണ് തന്നെ അക്രമിച്ചതെന്ന് സതീഷ് പറയുന്നു. സംഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് തമ്പാനൂർ സതീഷ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഡിസിസി അധ്യക്ഷനും പരാതി നൽകും. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ സതീഷ് തരൂരിനെതിരെ രംഗത്ത് വന്നിരുന്നു. ചെന്നിത്തലയുടെ അനുയായിയായ സതീഷ് തരൂരിനെതിരെ ഫേസ്ബുക്കിലടക്കം പ്രതികരിച്ചിരുന്നു.
തുടർന്ന് ജനറൽ ആശുപത്രി വികസന സമിതിയിൽ നിന്ന് സതീഷിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് തരൂർ കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സതീഷിനെ വികസനസമിതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈ അഭിപ്രായ വ്യത്യാസങ്ങളാണ് കയ്യാങ്കളിയിൽ കലാശിച്ചത്. അതേസമയം തരൂരിനെതിരെ സതീഷ് മോശമായ പരാമർശനം നടത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് മറുവിഭാഗം പറയുന്നത്.