മൂന്നാർ > വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിൽ സന്ദർശകപ്രവാഹം. രണ്ട് മാസത്തെ ഇടവേളയ്ക്കുശേഷം ഇരവികുളം ദേശീയോദ്യാനം സന്ദർശകർക്ക് തുറന്നുകൊടുത്ത ആദ്യ ദിവസത്തിൽ 1607 പേരെത്തി. അഞ്ചാം നയമക്കാട് അഞ്ചാം മൈലിൽ ഒരുക്കിയ ബഗ്ഗി കാർ ആറുതവണ സർവീസ് നടത്തി. സഞ്ചാരികൾക്ക് തൊട്ടരികിലെത്തിയ വരയാടുകളും കുഞ്ഞുങ്ങളും കൗതുകമായി. ചെങ്കുത്തായ പാറയുടെ മുകളിൽനിന്ന് ഊർന്നിറങ്ങുന്ന വരയാടുകൾ വിദേശീയരടക്കമുള്ള സഞ്ചാരികൾ നോക്കിനിന്നു.
ഫെബ്രുവരി, മാർച്ച് മാസങ്ങളാണ് വരയാടുകളുടെ പ്രസവകാലം. ഈ സമയം സന്ദർശകർക്ക് പ്രവേശനമില്ലായിരുന്നു. ഓരോ വർഷവും 80മുതൽ 110വരെ കുഞ്ഞുങ്ങൾ ജനിക്കും. മൂന്നാർ, ഉദുമൽപ്പേട്ട അന്തർസംസ്ഥാന പാതയിൽ നയമക്കാട് അഞ്ചാം മൈലിൽ എത്തുന്ന സഞ്ചാരികളെ വനം വകുപ്പ് ഒരുക്കിയിട്ടുള്ള വാഹനത്തിലാണ് മലമുകളിലേക്ക് കൊണ്ടുപോകുന്നത്. മുതിർന്നവർക്ക് 200രൂപയും വിദ്യാർഥികൾ, കുട്ടികൾ എന്നിവർക്ക് 150 രൂപയുമാണ് നിരക്ക്. അഞ്ച് പേർക്ക് സഞ്ചാരിക്കാവുന്ന ബഗ്ഗി കാറിന് 7500 രൂപയാണ്. 11 കി. മീ. ദൂരമാണ് ബഗ്ഗി കാറിലെ യാത്ര.