ലണ്ടൻ> ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടപ്പോരിൽ സാധ്യത നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി. ലിവർപൂളിനെ 4–-1ന് മുക്കി. 28 കളിയിൽ 64 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്. ഒന്നാമതുള്ള അഴ്സണലിന് 29 കളിയിൽ 72 പോയിന്റാണ്. ലീഡ്സ് യുണെെറ്റഡിനെ 4–1ന് തകർത്താണ് അഴ്സണൽ എട്ട് പോയിന്റ് ലീഡാക്കിയത്.
ലിവർപൂളിനെതിരെ പിന്നിട്ടുനിന്നശേഷമാണ് സിറ്റി നാലടിച്ചത്. പരിക്കേറ്റ് പുറത്തിരുന്ന ഗോളടിക്കാരൻ എർലിങ് ഹാലണ്ടിന്റെ അഭാവമൊന്നും സിറ്റിയെ തളർത്തിയില്ല. മുഹമ്മദ് സലായാണ് ലിവർപൂളിന് മിന്നുംതുടക്കം നൽകിയത്. എന്നാൽ, സ്വന്തംതട്ടകത്തിൽ പെപ് ഗ്വാർഡിയോളയും കൂട്ടരും പതറിയില്ല. ജൂലിയൻ അൽവാരെസിലൂടെ ഒപ്പമെത്തി. ഇടവേള കഴിഞ്ഞെത്തിയ ഉടൻ കെവിൻ ഡി ബ്രയ്ൻ ലീഡ് സമ്മാനിച്ചു. ഇകായ് ഗുൺഡോവനും ജാക്ക് ഗ്രീലിഷും പട്ടിക തികച്ചു.
ലീഗിൽ അപരാജിത കുതിപ്പ് നടത്തുന്ന അഴ്സണൽ ലീഡ്സിനെതിരെയും ആധിപത്യം പുലർത്തി. പരിക്കുമാറി തിരിച്ചെത്തിയ ബ്രസീൽ മുന്നേറ്റക്കാരൻ ഗബ്രിയേൽ ജെസ്യൂസിന്റെ ഇരട്ടഗോളാണ് സവിശേഷത. ബെൻ വെെറ്റും ഗ്രാനിത് സാക്കയും മറ്റ് ഗോളുകൾ നേടി. ലീഡ്സിനായി റാസ്–മസ് ക്രിസ്റ്റ്യൻസെൻ ആശ്വാസം കണ്ടെത്തി. ആകെ 38 കളിയാണ് ലീഗിൽ. അഴ്സണലിന് ഒമ്പത് കളിയാണ് ബാക്കി. സിറ്റി, ലിവർപൂൾ, ചെൽസി, ന്യൂകാസിൽ തുടങ്ങിയ കരുത്തരായ എതിരാളികളെ നേരിടാനുണ്ട്.