മഡ്രിഡ്> മുൻ ലോകചാമ്പ്യൻ ഇന്ത്യയുടെ പി വി സിന്ധു സ്പെയ്ൻ മാഡ്രിഡ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ഫൈനലിൽ. സെമിയിൽ സിംഗപ്പൂരിന്റെ യെവോ ജിയ മിന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തു. സ്കോർ: 24-–-22, 22––20. നാൽപ്പത്തെട്ട് മിനിറ്റ് നീണ്ട പോരിലാണ് ഇരുപത്തേഴുകാരിയുടെ ജയം.
ഈ സീസണിലെ സിന്ധുവിന്റെ ആദ്യ ഫൈനാലാണ്. ഇന്ന് ഫെെനലിൽ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ തുൻജുങ്ങിനെ നേരിടും.
ജിയ മിന്നിനെതിരെ ജയം അനായാസമായിരുന്നില്ല. ഒന്നാംഗെയിമിൽ പിന്നിട്ടുനിന്നശേഷമായിരുന്നു തിരിച്ചുവരവ്. ഒരുഘട്ടം 9–-14ന് പിറകിലായിരുന്നു. പിന്നീട് 15–-19നും. എന്നാൽ, തുടർച്ചയായ നാല് പോയിന്റുകൾ നേടി ഒപ്പമെത്തി. ഏഴുവട്ടം ഗെയിം പോയിന്റിൽനിന്ന് അതിജീവിച്ചു. ഒടുവിൽ 24–-22ന് ജയം. രണ്ടാംഗെയിമിൽ ആധിപത്യം സിന്ധുവിനായിരുന്നു. അവസാനനിമിഷങ്ങളിൽ മിൻ മുന്നേറാൻ ശ്രമിച്ചെങ്കിലും ഇന്ത്യക്കാരിയുടെ പരിചയസമ്പത്തിനുമുന്നിൽ കീഴടങ്ങി.