കുമരകം> കാലാവസ്ഥാ വ്യതിയാനം സജീവ ചർച്ചയാക്കി കുമരകത്ത് തുടരുന്ന ജി 20 ഷെർപ്പ സമ്മേളനം. ഹരിതവികസനം ഊർജ സംരക്ഷണം തുടങ്ങി സുപ്രധാനമായ ചർച്ചകൾ നടന്നു. ബാർബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക സ്ഥാനപതി അവിനാശ് പെർസോദ് “അൺലോക്കിങ് ഫിനാൻസിങ് ഫോർ ഡെവലപ്മെന്റ്’ എന്ന വിഷയം അവതരിപ്പിച്ചു. യുഎൻ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ബ്യൂറോ ഓഫ് പോളിസി ആൻഡ് പ്രോഗ്രാം സപ്പോർട്ടിലെ ചീഫ് ഇക്കോണമിസ്റ്റ് ജോർജ് ഗ്രേ മൊളീന മാക്രോ ഇക്കോണമിയുടെ സ്വാധീനത്തെക്കുറിച്ച് അവതരണം നടത്തി.
സമ്മേളന പ്രതിനിധികൾക്കുവേണ്ടി മിനി തൃശൂർ പൂരവും, വള്ളംകളിയും ഒരുക്കി. കുമരകം ടൂറിസത്തെ ലോക ശ്രദ്ധയിലെത്തിച്ചാണ് സമ്മേളനം ഞായറാഴ്ച സമാപിക്കുന്നത്. ജലയാത്രയും ഓണസദ്യയുമടക്കമുള്ള കേരളത്തനിമ അനുഭവിച്ചറിയാനും പ്രതിനിധികൾക്ക് അവസരം ഒരുക്കും. ആറുമുതൽ ഒമ്പതുവരെ ജി20 ഡെവലപ്മെന്റ് വർക്കിങ് ഗ്രൂപ്പ് യോഗവും കുമരകത്ത് നടക്കും.