കോട്ടയം> കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗത്തിൽനിന്ന് മോദി വിമർശവും അദാനി–- മോദി കൂട്ടുകെട്ടിന്റെ കള്ളത്തരങ്ങളും ഒഴിവാക്കി മലയാളമനോരമ. കെപിസിസി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന വാർത്തകളിൽനിന്നാണ് ബിജെപിയെ അലോസരപ്പെടുത്തുന്നതെല്ലാം മനോരമ തമസ്കരിച്ചത്. സമീപനാളുകളിൽ കേരളത്തിലെ കോൺഗ്രസ് വേദികളിൽ അദാനി വിമർശവും ബിജെപി വിമർശവും നിറയുന്നുണ്ടെങ്കിലും അക്കാര്യം മറച്ചുവയ്ക്കാൻ ഒരുകൂട്ടം മാധ്യമങ്ങൾ മത്സരിക്കുകയാണ്.
വൈക്കം ബീച്ച് മൈതാനിയിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന ചടങ്ങ് ഉദ്ഘാടനംചെയ്ത കോൺഗ്രസ് പ്രസിഡന്റ് പ്രസംഗത്തിന്റെ പകുതിയിലേറെ സമയവും മോദി–- അദാനി കൂട്ടുകെട്ട് നടത്തുന്ന കൊള്ളയെക്കുറിച്ചും അതിനെ എതിർത്തതിന്റെ പേരിൽ രാഹുൽഗാന്ധി നേരിടുന്ന വേട്ടയാടലുകളെക്കുറിച്ചും ആണ് വിശദീകരിച്ചത്. അദാനിയുടെ കള്ളത്തരങ്ങൾക്ക് മോദി കൂട്ടുനിൽക്കുന്നതും അയാളുടെ കമ്പനികളിലേക്ക് ഇന്ത്യയുടെ സമ്പത്ത് വഴിതിരിച്ചുവിടുന്നതും അരമണിക്കൂറിലേറെ വിശദീകരിച്ചെങ്കിലും ഒരുവരിപോലും മനോരമ വാർത്തയിൽ ഉൾപ്പെടുത്തിയില്ല.
ജെപിസി അന്വേഷണം എന്തുകൊണ്ട് അനുവദിക്കുന്നില്ല, മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്ത്, അത് രാജ്യത്തിന് വരുത്തുന്ന കെടുതികൾ എന്തെല്ലാം, പൊതുമേഖല ബാങ്കുകളുടെയും എൽഐസിമുതൽ ഇപിഎഫ്ഒ വരെയുള്ളവയുടെയും ഫണ്ട് അദാനിക്ക് ഉപയോഗിക്കാൻ എങ്ങനെ വിട്ടുകൊടുക്കുന്നു എന്നതെല്ലാമായിരുന്നു പ്രസംഗത്തിലെ പ്രധാന പ്രതിപാദ്യം. ഇത് ചോദിച്ചതിന്റെ പേരിലാണ് രാഹുൽഗാന്ധി വേട്ടയാടപ്പെട്ടതെന്നും ഇത് ഒളിക്കാനാണ് പാർലമെന്റ് സമ്മേളനം ഇല്ലാതാക്കിയതെന്നും വ്യക്തമാക്കിയ ഖാർഗെയുടെ പ്രസംഗത്തിലെ ഈ ഭാഗം മനോരമ പാടേ തമസ്കരിച്ചു. അദാനി എന്ന പേരുപോലും മനോരമ വാർത്തയിൽനിന്ന് ഒഴിവാക്കി. ഈ സമ്മേളനത്തിലൂടെ കോൺഗ്രസ് ഉയർത്തിയ രാഷ്ട്രീയത്തെയും തമസ്കരിച്ച പത്രം കോൺഗ്രസുകാരെ തൃപ്തിപ്പെടുത്താൻ സമ്മേളനത്തിന്റെ സംഘാടനവും അലങ്കാരങ്ങളും മാത്രമാണ് വാർത്തയാക്കിയത്.
ബിജെപിയെ അലോസരപ്പെടുത്തുന്ന ഒരു പ്രയോഗംപോലും വരാതിരിക്കാൻ കുറേക്കാലമായി മനോരമ ഏറെ ശ്രദ്ധിക്കാറുണ്ട്. ഭാരത് ജോഡോ യാത്രയിൽ ഇതേ തന്ത്രമാണ് മനോരമ കൈക്കൊണ്ടതെന്ന് വിമർശം ഉയർന്നിരുന്നു.