ന്യൂഡൽഹി> കോർപറേറ്റ്–- വർഗീയ കൂട്ടുകെട്ടിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏപ്രിൽ അഞ്ചിന് ഡൽഹിയിൽ നടക്കുന്ന തൊഴിലാളി– കർഷക (മസ്ദൂർ, കിസാൻ സംഘർഷ് ) റാലിയുടെ തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിൽ. രാജ്യമെമ്പാടുംനിന്നുള്ള ലക്ഷങ്ങൾ റാലിയിൽ അണിചേരും.
കന്യാകുമാരിമുതൽ കശ്മീർവരെയും ഗുജറാത്തുമുതൽ മണിപ്പുർവരെയുമുള്ള തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും റാലിയിൽ പങ്കെടുക്കാൻ പുറപ്പെട്ടു തുടങ്ങി. ഡൽഹിക്ക് സമീപം ഗാസിയാബാദിലും രാജ്യതലസ്ഥാനമേഖലയിലെ ഗുരുദ്വാരകളിലും ധർമശാലകളിലും അടക്കം ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. സിഐടിയു, അഖിലേന്ത്യ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിലാണ് റാലി. കഴിഞ്ഞവർഷം സെപ്തംബർ അഞ്ചിന് ഡൽഹിയിൽ ചേർന്ന കൺവൻഷനാണ് റാലിക്ക് ആഹ്വാനം നൽകിയത്. സിപിഐ എം പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ റാലിയുടെ പ്രചാരണാർഥം വിപുലമായി പരിപാടികൾ നടക്കുന്നു.
അദാനിയും അംബാനിയും നയിക്കുന്ന കോർപറേറ്റുകൾക്ക് നല്ലകാലം ഉറപ്പാക്കാൻ തൊഴിലാളികളെയും കർഷകരെയും ചൂഷണംചെയ്യാൻ മോദിസർക്കാർ എല്ലാസൗകര്യവും ഒരുക്കിനൽകുകയാണെന്ന് റാലിയുടെ സംഘാടകർ ചൂണ്ടിക്കാട്ടി. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാൻ കാരണം കേന്ദ്രത്തിന്റെ കോർപറേറ്റ് പ്രീണന നയങ്ങളാണ്. തൊഴിലില്ലായ്മ സർവകാല റെക്കോഡിലാണ്. ദുർബലവിഭാഗങ്ങളാണ് കെടുതി ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. മിനിമം വേതനം, എട്ട് മണിക്കൂർ ജോലി, സംഘടിക്കാനുള്ള അവകാശം എന്നിവയ്ക്ക് നിയമപരിരക്ഷ നൽകുന്ന തൊഴിൽനിയമങ്ങൾ ഇല്ലാതാക്കുകയാണ്. ഇതിനൊക്കെ മറയിടാൻ വർഗീയധ്രുവീകരണം വളർത്തുന്നു.
ഗ്രാമീണമേഖലയ്ക്ക് ആശ്വാസമായ തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെടുത്തുകയാണ് കേന്ദ്രം. ഐതിഹാസിക കർഷകപ്രക്ഷോഭത്തെ തുടർന്ന് സംയുക്ത കിസാൻമോർച്ചയ്ക്ക് സർക്കാർ രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ല. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായി മോദിസർക്കാർ നടത്തുന്ന കടന്നാക്രമണത്തിലും പ്രതിഷേധിച്ചാണ് റാലി.