ന്യൂഡൽഹി> കൊലപാതകക്കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട് പട്യാല സെൻട്രൽ ജയിലിലായിരുന്ന കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു മോചിതനായി. ഒരു വർഷത്തെ തടവ് അവസാനിക്കാൻ 45 ദിവസം ബാക്കിയുണ്ടെങ്കിലും നല്ല നടപ്പ് പരിഗണിച്ചാണ് നേരത്തെയുള്ള മോചനം.
ശനി വൈകിട്ടോടെ പുറത്തിറങ്ങിയ സിദ്ദു അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു.
സ്വേച്ഛാധിപത്യം എപ്പോൾ വന്നാലും ഒരു വിപ്ലവംകൂടി വന്നിട്ടുണ്ട്, ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുൽ ഗാന്ധി എന്നാണ്. അദ്ദേഹം ബിജെപിയെ തകർക്കും. ജനാധിപത്യം തകർച്ചയിലാണെന്നും പഞ്ചാബിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും സിദ്ദു മാധ്യമങ്ങളോട് പ്രതികരിച്ചു. 1988ൽ കാർ പാർക്കിങ്ങിന്റെ പേരിലുണ്ടായ തർക്കത്തെതുടർന്ന് വയോധികനെ അടിച്ചുകൊന്ന കേസിലാണ് കഴിഞ്ഞ വർഷം മേയിൽ സുപ്രീംകോടതി സിദ്ദുവിന് ഒരു വർഷം തടവ് വിധിച്ചത്.