വത്തിക്കാൻ സിറ്റി> ഫ്രാൻസിസ് മാർപാപ്പ ശനിയാഴ്ച ആശുപത്രി വിട്ടു. ആശുപത്രിക്ക് പുറത്ത് കാത്തുനിന്നവർക്കുനേരെ കൈവീശി കാണിച്ച മാർപാപ്പ ചെറുചിരിയോടെ വിശ്വാസികളോടും മാധ്യമങ്ങളോടുമായി പറഞ്ഞു, ‘ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്’. ശ്വാസകോശ അണുബാധയെത്തുടർന്ന് ബുധനാഴ്ചയാണ് മാർപാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഫ്രാൻസിസ് മാർപാപ്പ തന്നെയാകും ഇത്തവണത്തെ ഓശാന ഞായർ തിരുക്കർമങ്ങളിൽ മുഖ്യ കാർമികത്വം വഹിക്കുക. താൻ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയിൽ മരിച്ച അഞ്ച് വയസ്സുകാരിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചശേഷമാണ് മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത്. ശ്വാസംമുട്ടിനേത്തുടർന്ന് ബുധനാഴ്ചയാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.