തലശേരി > സിപിഐ എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ഒളിവിൽ കഴിയുന്ന മൂന്നാം പ്രതി ആർഎസ്എസ്സുകാരനായ ചാലക്കര വരപ്രത്ത് കാവിനടുത്ത മീത്തലെകേളോത്ത് വീട്ടിൽ ദീപക് (ഡ്രാഗൺ ദീപു–-30) കോടതിയിൽ കീഴടങ്ങി. ശനി ഉച്ചക്കുശേഷം അമ്മ ബീന(ബേബി)ക്കും സഹോദരഭാര്യ മീനുവിനും അഭിഭാഷകനുമൊപ്പം തലശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടു മുമ്പാകെയാണ് ഹാജരായത്.
രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ്ചെയ്ത പ്രതിയെ തലശേരി സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. തൃശൂർ ജില്ലയിൽനിന്ന് 98 ലക്ഷം രൂപ തട്ടിയ കേസിൽ പിടികിട്ടാപ്പുള്ളിയായി ദീപകിനെ പൊലീസ് പ്രഖ്യാപിച്ചിരുന്നു. പണം തട്ടിയ കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് കൊലപാതകത്തിലും പങ്കെടുത്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയി.
കേസിലെ നാലാം പ്രതി ന്യൂമാഹി ഈയ്യത്തുങ്കാട് പുത്തൻപുരയിൽ ‘പുണർത’ത്തിൽ നിഖിൽ എൻ നമ്പ്യാരെ (27) പിടിക്കാനുണ്ട്. ഹരിദാസനെ കാലിന് വെട്ടിവീഴ്ത്തിയവരാണ് മൂന്നും നാലും പ്രതികൾ. നിഖിൽ എൻ നമ്പ്യാർ കൊടുവാളും ദീപക് നീളമുള്ള കത്തിയുംകൊണ്ട് കാലിന് വെട്ടിയതായി അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. കൃത്യം നടത്തി 13 മാസത്തിനുശേഷമാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്. വിശദമായി ചോദ്യംചെയ്യാൻ അടുത്തദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
മത്സ്യത്തൊഴിലാളിയായ ഹരിദാസനെ 2022 ഫെബ്രുവരി 21ന് പുലർച്ചെയാണ് ആർഎസ്എസ് – ബിജെപിക്കാർ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ്, സെക്രട്ടറി പ്രിതീഷ് (മൾട്ടി പ്രജി) എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഒരു സ്ത്രീയടക്കം കേസിൽ 17 പ്രതികളുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു. 124 സാക്ഷികളുള്ള കേസിൽ മൂവായിരം പേജുള്ള കുറ്റപത്രമാണ് ന്യൂമാഹി പൊലീസ് സമർപ്പിച്ചത്.