ചെന്നെെ
വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം തമിഴ്നാടും വിപുലമായി ആഘോഷിക്കും. ഒരുവർഷം നീളുന്ന ആഘോഷം സംഘടിപ്പിക്കുമെന്നും ഐതിഹാസിക സമരത്തിന്റെ ഓർമയ്ക്കായി പുരസ്കാരം നല്‍കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ പ്രഖ്യാപിച്ചു. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുക. തമിഴ്നാട് സർക്കാർ സാമൂഹ്യനീതി ദിനമായി ആചരിക്കുന്ന പെരിയാര്‍ ജന്മദിനമായ സെപ്തംബർ 17-ന് പുരസ്കാരം സമ്മാനിക്കും. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത് പെരിയാർ ഇ വി രാമസാമി നായ്ക്കറും ജയിലിൽ കിടന്നിട്ടുണ്ട്. ഇതിന്റെ ഓർമയ്ക്കായി വൈക്കത്തുള്ള പെരിയാർ സ്മാരകം 8.14 കോടി രൂപ ചെലവിൽ നവീകരിക്കുമെന്നും പെരിയാറിലെ ജയിലിലടച്ച സ്ഥലത്ത് പുതിയ സ്മാരകം സ്ഥാപിക്കാൻ ശ്രമിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. വൈക്കം സത്യഗ്രഹ സ്മാരക സ്റ്റാമ്പും പുറത്തിറക്കും.
ശനിയാഴ്ച വൈക്കത്ത് നടക്കുന്ന കേരള സർക്കാരിന്റെ ശതാബ്ദി പരിപാടിയിൽ സ്റ്റാലിൻ പങ്കെടുക്കുന്നുണ്ട്. ഇതിൽ പ്രമുഖ എഴുത്തുകാരൻ പഴ അടിയമാന്റെ തമിഴ് കൃതിയായ “വൈക്കം പോരാട്ടം” മലയാളത്തിൽ പുറത്തിറങ്ങും. നവംബർ 29ന് തമിഴ്നാട് സർക്കാർ വിപുലമായ ശതാബ്ദി പരിപാടി സംഘടിപ്പിക്കും. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.