ന്യൂഡൽഹി
സ്കൂളുകളിലെ ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് കേന്ദ്രം. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന്‘ മാർഗരേഖ പ്രകാരം പ്രതിമാസം 1000 രൂപ നിരക്കിൽ വർഷം 10 മാസം ഓണറേറിയം നൽകാനാണ് വ്യവസ്ഥ’ എന്ന ചട്ടം ആവർത്തിക്കുക മാത്രമാണ് കേന്ദ്രം ചെയ്തത്.
കേരളസർക്കാർ പലതവണ ഓണറേറിയം വർധിപ്പിച്ച സാഹചര്യത്തിൽ കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കുമോ എന്നായിരുന്നു ചോദ്യം.
ഓണറേറിയത്തിൽ 600 രൂപ കേന്ദ്രവും 400 രൂപ സംസ്ഥാനവും വഹിക്കണമെന്നാണ് വ്യവസ്ഥ. മാസം 23 അധ്യയനദിവസം ഉണ്ടെങ്കിൽ കേന്ദ്രവകയായി ലഭിക്കുന്നത് പ്രതിദിനം 26 രൂപമാത്രം. എൽഡിഎഫ് സർക്കാർ അഞ്ചു തവണ സംസ്ഥാന വിഹിതം ഗണ്യമായി വർധിപ്പിച്ചു. 2022 മുതൽ പ്രതിദിന ഓണറേറിയം 600 രൂപയാക്കി. സ്കൂളിൽ 150 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ദിവസം ഒരു കുട്ടിക്ക് 25 പൈസ വീതം പ്രതിദിനം പരമാവധി 75 രൂപയും അധികമായും സംസ്ഥാനം നൽകുന്നു.
23 അധ്യയനദിവസം ഉണ്ടെങ്കിൽ 13,800 -മുതൽ 15,525 രൂപ വരെയാണ് ഇപ്പോൾ പ്രതിമാസം സംസ്ഥാനത്ത് നൽകുന്നത്. നിഷേധ നിലപാട് കേന്ദ്രം പുനഃപരിശോധിക്കണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടു.