കൊച്ചി> ശ്രീരാമ നവമി ആശംസകള്‍ നേര്‍ന്ന് മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകന് അനില്‍ കെ ആന്റണി. സമീപകാലത്ത് കോണ്‍ഗ്രസിനെതിരേയും ബിജെപിക്കനുകൂലവുമായ പരാമര്‍ശത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ അനില്‍ ആന്റണിയാണ് വില്ലുകുലച്ച് നില്ക്കുന്ന ശ്രീരാമന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ശ്രീരാമ നവമി ആശംസകള്‍ നേര്‍ന്ന് വീണ്ടും വിവാദങ്ങളില്‍ നിറയുന്നത്. ചിത്രത്തോടൊപ്പം എല്ലാവര്ക്കും ആശംസകള്‍ എന്ന കുറിപ്പോടെയാണ് അനില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്
മോദിക്കെതിരായ ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്തതിന്റെ പേരില്‍ വിവാദത്തിലായതിനെ തുടര്‍ന്ന് അനില്‍ കെ ആന്റണി കോണ്‍ഗ്രസിലെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചിരുന്നു. എ ഐ സി സി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ ഓഡിനേറ്റര്‍ എന്ന പദവിയില്‍ ഇരിക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പോക്കില്‍ വിമര്‍ശനവുമായി അനില്‍ രംഗത്ത് വന്നത്.
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന്റെ പരാമര്‍ശത്തിനെതിരെയും അനില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. സംസ്കാരമില്ലാത്ത വായില്‍ നിന്നാണ് രാഷ്ട്രീയ വാഗ്വാദത്തിന് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ വരികയെന്നു വിശദമാക്കിക്കൊണ്ടാണ് ബി വി ശ്രീനിവാസിന്റെ വിവാദ പരാമര്‍ശ വീഡിയോ അനില്‍ പങ്കുവച്ചത്. നാണം കെട്ടവര്‍ എന്നും കുറിപ്പില്‍ അനില്‍ വ്യക്തമാക്കുന്നുണ്ട്.