ആലപ്പുഴ> കടലിൽ മീൻപിടിക്കാൻ പോയവള്ളം ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞ് രണ്ടു് മൽസ്യതൊഴിലാളികൾക്ക് സാരമായി പരിക്ക്. വള്ളവും മൽസ്യബന്ധന ഉപകരണങ്ങളും നശിച്ചു. പരിക്കേറ്റ വാടയ്ക്കൽ ഈരേശ്ശേരി ടോമി (50), വാടയ്ക്കൽ മാവേലി തയ്യിൽ ആൻ്റണി (55)എന്നീ തൊഴിലാളികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാടയക്കൽമത്സ്യഗന്ധി ജംഗ്ഷന് പടിഞ്ഞാറ് മത്സ്യ ബന്ധനത്തിന് പോയ ടോമിയുടെ ഉടമസ്ഥതയിലുള്ള “ഈരേശ്ശേരി”വള്ളമാണ് വ്യാഴാഴ്ച്ച വെളുപ്പിന് അഞ്ചോടെ അപകടത്തിൽപ്പെട്ടത്. വള്ളംകടലിലേയ്ക്ക് ഇറക്കിയ ഉടനെയായിരുന്നു അപകടം. മറിഞ്ഞവള്ളത്തിലുണ്ടായിരുന്ന എൻജിനും വലയുമടക്കമുള്ള മൽസ്യബന്ധന ഉപകരണങ്ങൾ മൽസ്യതൊഴിലാളികളുടെ ശരീരത്തിലേക്ക് വീണാണ് തൊഴിലാളികൾക്ക് പരിക്കേറ്റത്.
കാക്കരിയിൽ ജോൺസൺ, പൂത്രയിൽആൻ്റണി, കാക്കരിയിൽ സൈറസ് , മാവേലിതയ്യിൽ ദാസൻ , ടോമി , മാവേലി തയ്യിൽ ആൻറണി, കുട്ടപ്പശേരി ജോസഫ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ. ഇവർക്ക് കാര്യമായ പരിക്കില്ല. ഒരുഎൻജിൻ വെള്ളത്തിൽ വീണ് നശിച്ചു. മറ്റൊരു എൻജിന് കേട്പാട് സംഭവിച്ചു. വല പൂർണ്ണമായി നഷ്ടപ്പെട്ടു. വള്ളത്തിൻ്റെ മുന്നിലെയും പിന്നിലെയും കൊമ്പുകൾ ഒടിഞ്ഞു.പുതിയ വള്ളമായതിനാൽ നെടുകെ പിളർന്നില്ല. എന്നാൽ പുതുക്കി പണിയാനാകാത്ത വിധം വള്ളം നശിച്ചിട്ടുണ്ട്.