കൊച്ചി –
സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച് നേട്ടങ്ങളും മികവും അവതരിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന–-വിപണന മേളയുടെ സംസ്ഥാന ഉദ്ഘാടനം ഏപ്രിൽ ഒന്നിന് രാത്രി ഏഴിന് കൊച്ചി മറൈൻഡ്രൈവ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ പ്രമേയത്തിലുള്ള മേള എട്ടുവരെ തുടരും. തുടർന്ന് 13 ജില്ലകളിലും മേള സംഘടിപ്പിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിവിധ വകുപ്പുകളും സ്ഥാപനങ്ങളും വ്യവസായവകുപ്പിനുകീഴിലെ എംഎസ്എംഇകൾ, കുടുംബശ്രീ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവ അണിനിരക്കും. ബി ടു ബി മീറ്റ്, പ്രോജക്ട് റിപ്പോർട്ടുകൾ തയാറാക്കാനും ധനസഹായത്തിന് വഴികാട്ടാനുമുള്ള ക്ലിനിക്കുകൾ, സാങ്കേതികവിദ്യാ പ്രദർശനം, ചർച്ചാവേദി, ഭക്ഷ്യമേള എന്നിവയുമുണ്ടാകും. ദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങളുടെ സാംസ്കാരിക പരിപാടികളും അരങ്ങേറും. പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവിലിയനുകളുമുണ്ടാകും.
ദുഃഖവെള്ളിയായ ഏപ്രിൽ ഏഴ് ഒഴികെയുള്ള ദിവസങ്ങളിൽ സെമിനാറുകളും ബോധവൽക്കരണ പരിപാടികളും നടക്കും. ആധാർ രജിസ്ട്രേഷൻ, പുതുക്കൽ തുടങ്ങിയ സേവനങ്ങൾക്ക് അക്ഷയയുടെ പവിലിയനുണ്ടാകും. ഭക്ഷ്യ–-റവന്യു വകുപ്പുകളുടെ സ്റ്റാളുകളിൽ വിവിധ സേവനങ്ങൾ ലഭ്യമാക്കും. മാലിന്യസംസ്കരണത്തിലെ പുതിയ മാതൃകകൾ ശുചിത്വ മിഷൻ അവതരിപ്പിക്കും.
യുവജനങ്ങൾക്കായി സേവനം, വിദ്യാഭ്യാസം, തൊഴിൽ വിഭാഗങ്ങളിൽ സ്റ്റാളുകൾ ഒരുക്കും. ഊർജമേഖലയിലെ നൂതനമാതൃകകൾ അനെർട്ടിന്റെയും എനർജി മാനേജ്മെന്റ് സെന്ററിന്റെയും സ്റ്റാളുകളിൽ പ്രദർശിപ്പിക്കും. കിഫ്ബിയുടെ പ്രത്യേക പവിലിയനിൽ പദ്ധതികൾ അവതരിപ്പിക്കും. പൊലീസിന്റെ ആഭിമുഖ്യത്തിൽ ഡോഗ് ഷോ, വാഹനപ്രദർശനം, സ്വയരക്ഷാ പരിശീലന പ്രദർശനം എന്നിവയുമുണ്ടാകും.
ഏപ്രിൽ ഒന്നിന് സ്റ്റീഫൻ ദേവസിയുടെ ബാൻഡ്. തുടർന്നുള്ള ദിവസങ്ങളിൽ ജാസി ഗിഫ്റ്റിന്റെ മ്യൂസിക് നൈറ്റ്, ദുർഗ വിശ്വനാഥ്, വിപിൻ സേവ്യർ എന്നിവരുടെ ഗാനമേള, താമരശേരി ചുരം ബാൻഡ്, ഗിന്നസ് പക്രു സൂപ്പർ മെഗാഷോ, ആട്ടം ചെമ്മീൻ ബാൻഡ് എന്നിവ അരങ്ങേറും. ഏപ്രിൽ എട്ടിന് വൈകിട്ട് ഏഴിന് അലോഷിയുടെ ഗസൽ നൈറ്റോടെയാണ് സമാപനം. വാർത്താസമ്മേളനത്തിൽ കലക്ടർ എൻ എസ് കെ ഉമേഷും പങ്കെടുത്തു.