മൂന്നാർ
അരിക്കൊമ്പനെ പിടികൂടുന്നതിന് വനം വകുപ്പ് സജ്ജമെങ്കിലും ദൗത്യം കോടതിവിധിക്കനുസരിച്ച്. ബുധനാഴ്ച ഹൈക്കോടതി ഉത്തരവ് അനുകൂലമായാൽ ദൗത്യസംഘത്തെ വിന്യസിക്കും. ചിന്നക്കനാൽ സിമന്റ് പാലം ഭാഗത്താകും ദൗത്യം. അരിക്കൊമ്പനെ മയക്കുവെടി വച്ച് കുങ്കിയാനകളുടെ സഹായത്തോടെ കോടനാട് എത്തിക്കും. ഉത്തരവ് മറിച്ചാണെങ്കിൽ മയക്കുവെടി വച്ച് കോളർ ഐഡി ഘടിപ്പിച്ച് ആനയെ നിരീക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
160 പേരെ 9 ടീമാക്കിയാണ് ദൗത്യത്തിനായി നിയോഗിച്ചത്. അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നതിനായി പ്രത്യേക ടീമിനെയും ചുമതലപ്പെടുത്തി. ഇവരുടെ നിർദേശപ്രകാരം ദൗത്യസംഘത്തെ മേഖലയിൽ വിന്യസിക്കും. നേരത്തെ തീരുമാനിച്ചിരുന്ന മോക്ഡ്രിൽ ഒഴിവാക്കി. ദൗത്യം വിലയിരുത്തുന്നതിനായി ദേവികുളം സെൻട്രൽ നഴ്സറിയിൽ യോഗം ചേർന്നു. എസിഎഫ് ഷാൻട്രി ടോം അധ്യക്ഷനായി. ഡോ. അരുൺ സക്കറിയ, ഡോ. നിഷ റെയ്ച്ചൽ, വനം വകുപ്പ് ഉദ്യോഗസ്ഥർ, ആർആർടി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കുങ്കിയാനകളുടെ പാപ്പാന്മാരും യോഗത്തിൽ സംബന്ധിച്ചു.
അരിക്കൊമ്പൻ ദൗത്യസംഘത്തിന്റെ സമീപത്തുതന്നെയുണ്ട്. കോടതി വിധി കാത്ത് ദൗത്യസംഘവും ജാഗ്രത പുലർത്തുകയാണ്. അനുകൂല വിധിയുണ്ടായാൽ 30 ന് പുലർച്ചെ നാലിന് മയക്കുവെടിവയ്ക്കും. അര മണിക്കൂറിനകം കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റും. അരിക്കൊമ്പനെ പിടികൂടുന്നത് തടഞ്ഞുകൊണ്ട് കഴിഞ്ഞ 24ന് കോടതി വിധി വന്നിരുന്നു. അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പും നാട്ടുകാരും ദൗത്യസംഘവും.
മെരുക്കാൻ കുഞ്ചുവും സംഘവും റെഡി
കോടതി വിധി അനൂകൂലമായാൽ അരിക്കൊമ്പനെ മെരുക്കാൻ കുഞ്ചു, കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യൻ എന്നീ കുങ്കിയാനകളും ദൗത്യസംഘത്തിനൊപ്പം റെഡി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുൾപ്പെടെ 71 പേരടങ്ങുന്ന സംഘം ഒരാഴ്ചയായി മേഖലയിലുണ്ട്. രണ്ടാഴ്ചയായി ശങ്കരപാണ്ടി മേട്ടിൽ നിന്നിരുന്ന അരിക്കൊമ്പൻ ശനിയാഴ്ചയോടെ ദൗത്യസ്ഥലത്തിന്റെ അടുത്തെത്തുകയായിരുന്നു.
അരിക്കൊമ്പനും കുട്ടിയും സിമന്റ്പാലത്തിനു സമീപത്തു നിലയുറപ്പിച്ചപ്പോൾ ഫോട്ടോ: അപ്പു എസ് നാരായണൻ