ന്യൂഡൽഹി
ദേശീയതലത്തിൽ വിശാല മതനിരപേക്ഷസഖ്യം രൂപീകരിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടൽ അപ്രായോഗികം. വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയെ ചെറുത്തുതോൽപ്പിക്കാൻ നേതൃത്വം നൽകുന്നത് വ്യത്യസ്ത രാഷ്ട്രീയ പാർടികളാണ്. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ ആവശ്യമായ സീറ്റ് ധാരണയും സഖ്യവും എന്നതാണ് നടപ്പുള്ളത്. അത്തരം നീക്കങ്ങളിൽ സിപിഐ എം മുൻനിരയിലുണ്ട്. ത്രിപുരയിലും ബംഗാളിലും കോൺഗ്രസുമായടക്കം സഹകരിക്കാൻ സിപിഐ എം സന്നദ്ധമായി. മുൻകാലങ്ങളിൽ കേന്ദ്രത്തിൽ മുന്നണി സർക്കാരുകൾ രൂപംകൊണ്ടതും തെരഞ്ഞെടുപ്പ് ഫലം വന്നശേഷമുണ്ടായ രാഷ്ട്രീയനീക്കങ്ങളുടെ അടിസ്ഥാനത്തിലാണ്.
തമിഴ്നാട്ടിൽ ഡിഎംകെ നയിക്കുന്ന മുന്നണിയും കേരളത്തിൽ എൽഡിഎഫുമാണ് ബിജെപിയെ ശക്തിയായി പ്രതിരോധിക്കുന്നത്. എന്നാൽ, കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മുഖ്യമത്സരം. തെലങ്കാനയിലെ ഭരണകക്ഷി ബിആർഎസിന്റെ മുഖ്യഎതിരാളികൾ കോൺഗ്രസാണ്. പഞ്ചാബിലും ഡൽഹിയിലും എഎപിയും കോൺഗ്രസും കടുത്ത ശത്രുതയിലാണ്. ബംഗാളിൽ ഇടതുമുന്നണിയും കോൺഗ്രസും ചേർന്ന് തൃണമൂൽ സർക്കാരിന്റെ ജനവിരുദ്ധ നടപടികളെയും അഴിമതിയെയും അക്രമരാഷ്ട്രീയത്തെയും നേരിടുന്നു. ബിജെപി മൂന്നാം സ്ഥാനത്താണ്. ആന്ധ്രപ്രദേശിൽ വൈഎസ്ആർ കോൺഗ്രസും ടിഡിപിയുമാണ് പ്രധാന എതിരാളികൾ. ബിഹാറിൽ കോൺഗ്രസ് മഹാസഖ്യത്തിലുണ്ടെങ്കിലും ബന്ധം ദേശീയതലത്തിൽ വ്യാപിപ്പിക്കുന്നതിനോട് മുഖ്യമന്ത്രി നിതീഷ്കുമാറിന് യോജിപ്പില്ല.
ഉത്തർപ്രദേശിലെ മുഖ്യ ബിജെപിവിരുദ്ധ പാർടിയായ എസ്പി ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ദേശീയതലത്തിലെ പുതിയ സംഭവവികാസങ്ങളെത്തുടർന്ന് എസ്പി പ്രസിഡന്റ് അഖിലേഷ് യാദവ് നിലപാടിൽ അയവ് വരുത്തി. മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി പാർടികൾക്കൊപ്പമാണ് കോൺഗ്രസ്. അസമിൽ ഇതര മതനിരപേക്ഷകക്ഷികളുമായി കോൺഗ്രസ് സഹകരിക്കുന്നു. ത്രിപുരയിൽ ഇടതുമുന്നണിയും കോൺഗ്രസും ഒന്നിച്ചുനിൽക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികൾ എന്നും കേന്ദ്രഭരണകക്ഷിക്കൊപ്പം നിൽക്കാൻ താൽപ്പര്യപ്പെടുന്നവരാണ്.