ഇംഫാൽ
കിർഗിസ്ഥാനെ രണ്ട് ഗോളിന് തോൽപ്പിച്ച് ഇന്ത്യക്ക് ത്രിരാഷ്ട്ര ഫുട്ബോൾ കിരീടം. സുനിൽ ഛേത്രിയും പ്രതിരോധതാരം സന്ദേശ് ജിങ്കനും ഗോളടിച്ചു. രാജ്യാന്തര ഫുട്ബോളിൽ ഛേത്രിയുടെ 85–-ാംഗോളായി ഇത്. ആദ്യകളിയിൽ മ്യാൻമറിനെ ഇന്ത്യ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു.
ഇംഫാലിലെ കുമാൻ ലംപാക്ക് സ്റ്റേഡിയത്തിൽ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. അനിരുദ്ധ് ഥാപ്പയുടെ ഫ്രീകിക്കിലൂടെ ആദ്യനിമിഷങ്ങളിൽത്തന്നെ ഇന്ത്യ ആക്രമണ മനോഭാവം കാട്ടി. ഇതിനിടെ ലല്ലിയൻസുവാല ചങ്തെയുടെ മികച്ച ക്രോസ് ഥാപ്പ പാഴാക്കി. മറുവശത്ത് കിർഗിസ്ഥാന്റെ അലെക്സാണ്ടറിന്റെ ക്രോസ് ഗുർപ്രീത് സിങ് സന്ധുവിന്റെ കൈയിൽ തട്ടിത്തെറിച്ചെങ്കിലും അപകടമുണ്ടായില്ല.
അരമണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു ഇന്ത്യയുടെ ഗോൾ. ഫ്രീകിക്കിൽനിന്നായിരുന്നു തുടക്കം. ബ്രണ്ടൻ ഫെർണാണ്ടസിന്റെ ഫ്രീകിക്ക് ബോക്സിന്റെ ഇടതുമൂലയിലേക്കായിരുന്നു. ജിങ്കൻ മുന്നിൽ ഓടിയെത്തി. പ്രതിരോധമെത്തുംമുമ്പ് കാൽവച്ചു.
ഇടവേളയ്ക്കുശേഷം ആദ്യശ്രമം കിർഗിസ്ഥാന്റെ ഭാഗത്തുനിന്നായിരുന്നു. എണിസ്റ്റിനാണ് അവസരം കിട്ടിയത്. അടിതൊടുക്കാനുള്ള സമയം കിട്ടിയിട്ടും സഹതാരത്തിന് കൈമാറുകയായിരുന്നു. ആകാശ് മിശ്ര ഇടപെട്ട് പന്ത് അടിച്ചകറ്റി. ഇന്ത്യൻ പ്രതിരോധം പെട്ടെന്നുതന്നെ സമ്മർദത്തിലായി. ഇതിനിടെ പരിശീലകൻ ഇഗർ സ്റ്റിമച്ച് മാറ്റങ്ങൾ വരുത്തി. മലയാളിതാരം സഹൽ അബ്ദുൾ സമദ് കളത്തിലെത്തി. കളിയുടെ അവസാനഘട്ടത്തിലായിരുന്നു രണ്ടാംഗോൾ.
ചങ്തെ സുരേഷ് വാങ്മിലേക്ക് ക്രോസ് തൊടുത്തു. സുരേഷ് വലയുടെ വലതുമൂല ലക്ഷ്യമാക്കി അടിപായിച്ചു. ഇതിനിടെ മഹേഷ് സിങ്ങിനെ കിർഗിസ്ഥാൻ പ്രതിരോധം ബോക്സിൽ വീഴ്ത്തി. ഇന്ത്യക്ക് അനുകൂലമായി പെനൽറ്റി. കിക്ക് എടുത്ത ഛേത്രിക്ക് പിഴച്ചില്ല. 133 മത്സരങ്ങളിൽനിന്നാണ് ഛേത്രി 85 ഗോൾ തികച്ചത്. ഹംഗറിയുടെ വിഖ്യാത താരം ഫെറെങ്ക് പുസ്കാസിനെയാണ് ഗോളെണ്ണത്തിൽ മറികടന്നത്. ഗോൾ വേട്ടക്കാരിൽ അഞ്ചാംസ്ഥാനത്താണ് ഛേത്രി. നിലവിൽ കളിക്കുന്നവരിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ (122), അർജന്റീനയുടെ ലയണൽ മെസി (99) എന്നിവർ മാത്രമാണ് മുന്നിൽ.