കൊച്ചി> വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് ദത്ത് നല്കിയ സംഭവത്തില്‍ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലുള്ള കുഞ്ഞിനെ കാണാന്‍ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ക്ക് ഹൈക്കോടതിയുടെ അനുമതി. ദത്തെടുത്ത ദമ്പതികള്‍ക്ക് എല്ലാ ശനിയാഴ്ചയും വൈകിട്ട് നാലുമുതല്‍ അഞ്ചുവരെ കുഞ്ഞിനെ കാണാന്‍ സൗകര്യം ഒരുക്കാനാണ് കോടതിയുടെ നിര്‍ദേശം.
വിവാഹിതരായി 20 വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിനാലാണ് ദത്തെടുത്തതെന്നും കുഞ്ഞിന്റെ സംരക്ഷണം പെട്ടെന്ന് മാറ്റിയത് വൈകാരികമായി ബാധിച്ചെന്നും ചൂണ്ടിക്കാട്ടി ദമ്പതികള്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ഷാജി പി ചാലിയുടെ ഉത്തരവ്.
ദത്തെടുക്കാന്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷ നല്കാന് ദമ്പതിമാരോട് നിര്‍ദേശിച്ചു. അപേക്ഷയില്‍ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
കുഞ്ഞുങ്ങളില്ലാത്ത, തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ക്ക് ജനുവരി 31ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെണ്‍കുഞ്ഞ് ജനിച്ചതായി ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വ്യാജരേഖ തയ്യാറാക്കുകയായിരുന്നു. ജനനസര്‍ട്ടിഫിക്കറ്റിന് ഇവരില്‍നിന്ന് പണം കൈപ്പറ്റിയ മെഡിക്കല്‍ കോളേജിലെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാര്‍ അറസ്റ്റിലുമായി. ഇതിനുപിന്നാലെ, ദത്ത് നടപടി നിര്‍ത്തിവച്ച് കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ശിശുഭവന്റെ സംരക്ഷണയിലേക്ക് മാറ്റുകയായിരുന്നു.