കൊല്ലം > കണ്ടൽക്കാടുകളുടെ ഇരുളും കുളിരുമറിഞ്ഞുള്ള മനംകവരും യാത്ര. ഇത്തിക്കരയാറിന്റെയും പരവൂർ കായലിന്റെയും ജല, ജൈവ സമ്പത്തുകളുടെ സുന്ദരകേന്ദ്രം. ആരെയും മയക്കുന്നതാണ് ഇത്തിക്കരയാറിന്റെ കൈവഴി പരവൂർ കായലിനോട് ചേരുന്നിടത്തെ കാഴ്ചകൾ. കായൽപോലെ തോന്നിക്കുമെങ്കിലും ഈ പ്രദേശം പതിറ്റാണ്ടുകൾക്കു മുമ്പ് വയലായിരുന്നു.
ഈ അപൂർവസൗന്ദര്യം നുകരാൻ ചാത്തന്നൂർ പരവൂർ റൂട്ടിൽ നെടുങ്ങോലം വഴി വടക്കേമുക്ക് കടവിലെത്തണം. അവിടെനിന്ന് തോണിയിൽ കണ്ടൽക്കാഴ്ചകളിലേക്ക് തുഴയെറിയാം. കൊട്ടിയം ഒറ്റപ്ലാമൂട്, മയ്യനാട് പുല്ലിച്ചിറ എന്നിവിടങ്ങളിൽനിന്ന് വള്ളത്തിൽ ഈ പ്രദേശങ്ങളുടെ സൗന്ദര്യം നുകരാം.
ഈ പച്ചത്തുരുത്തുകൾ അപൂർവ പക്ഷികളുടെയും ജലജീവികളുടെയും ആവാസകേന്ദ്രം കൂടിയാണ്. ചുവന്ന കണ്ടൽ, ചുള്ളിക്കണ്ടൽ, സുന്ദരിക്കണ്ടൽ, കടക്കണ്ടൽ തുടങ്ങി വിവിധയിനം കണ്ടലുകൾ ഇവിടെയുണ്ട്. ചൂളൻ എരണ്ട, കടൽക്കാക്ക, ചായമുണ്ടി, ചാരമുണ്ടി തുടങ്ങിയവയെയും കാണാം. ഇടയ്ക്ക് തോണിയിൽനിന്ന് ഇറങ്ങി വിശാലമായ ജലാശയത്തിൽ നിൽക്കാനും നടക്കാനും പറ്റിയ ഇടമുണ്ട്.
വടക്കേമുക്ക് കടവിൽ മാൻഗ്രൂവ് അഡ്വഞ്ചേഴ്സ് കണ്ടലുകൾക്കിടയിലൂടെ കയാക്കിങ് ടൂർ ഒരുക്കുന്നു. കയാക്ക് പോകുന്നതിനു മുമ്പ് പരിശീലനം നൽകും. ഒപ്പും സർട്ടിഫൈഡ് പരിശീലകരുമുണ്ടാകും. മറ്റ് സാഹസിക വിനോദങ്ങളും പബ്ജി ഗെയിമിന്റെ റിയൽ ലൈഫ് അനുഭവവും ഒരുക്കുന്നുണ്ട്. കയാക്കിങ് കൂടാതെ ദേശാടനപ്പക്ഷികളുടെ കേന്ദ്രമായ പോളച്ചിറ കേന്ദ്രമാക്കി 11 കിലോമീറ്റർ നീളുന്ന ഗൈഡഡ് സൈക്കിൾ ടൂറും തോണിയാത്രയും ഇവർ ഒരുക്കുന്നു.