ആലപ്പുഴ
വിപ്ലവം എന്ന ആശയം ഉൾക്കൊണ്ട് സമത നടത്തുന്ന പോരാട്ടം അഭിനന്ദനീയമാണെന്ന് ഭഗത്സിങിന്റെ സഹോരീപുത്രി ഗുർജിത് കൗർ പറഞ്ഞു. ഹസ്രത് മൊഹാനിയുടെ ജീവചരിത്രം ഇൻക്വിലാബിന്റെ ഇടിമുഴക്കം പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. രാജ്യത്ത് പുരോഗമന കാഴ്ച്ചപ്പാടുള്ള ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ‘ഇൻക്വിലാബ് സിന്ദാബാദ്’ കേവലം രണ്ടുവാക്കുകളല്ല; രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഭഗത്സിങിനൊപ്പം പ്രാധാന്യത്തോടെ നിൽക്കുന്ന വാക്കുകളാണ്. രാജ്യത്ത് പൂർണ സ്വരാജ് ആദ്യം ആവശ്യപ്പെട്ടത് ഹസ്രത് മൊഹാനിയാണ്. രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കുന്ന ബ്രിട്ടീഷ് കോളനിവൽക്കരണത്തിനെതിരെയാണ് ഭഗത്സിങ് അടക്കമുള്ളവർ രക്തസാക്ഷി ആയതെങ്കിൽ ഇന്ന് ഭരണക്കാർ തന്നെ രാജ്യത്തെ കൊള്ളയടിക്കുകയാണ്.
ഭഗത്സിങിന്റെ ഓർമകളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് ഈ കൊള്ള ചെറുക്കണമെന്നും അവർ പറഞ്ഞു. സർദാർ ഹകുമത് സിങ് മൽഫിയും ഭാര്യ സുരീന്ദർ കൗറും സംസാരിച്ചു. പി കെ മേദിനി വിപ്ലവഗാനം ആലപിച്ചു. ഹസ്രത് മൊഹാനി രചിച്ച ഗുലാംഅലി ആലപിച്ച ഗസൽ ‘ ചുപ്കെ ചുപ്കെ ’ എൽഇഡി വാളിൽ അവതിരിപ്പിച്ചുു.
“ഇങ്ക്വിലാബിന്റെ ഇടിമുഴക്കം’ പ്രകാശിപ്പിച്ചു
ഭഗത്സിങിന്റെ പിൻമുറക്കാർ പുന്നപ്ര–-വയലാറിന്റെ പിൻമുറക്കാർക്ക് ഹസ്രത് മൊഹാനിയുടെ ജീവചരിത്രം –- ഇങ്ക്വിലാബിന്റെ ഇടിമുഴക്കം–- കൈമാറി. വിവിധ ദേശങ്ങളിൽ നാടിന്റെ മോചനത്തിനായി പൊരുതി വീണവരുടെ പിൻമുറക്കാരുടെ സംഗമത്തിൽ പുന്നപ്ര–-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാടിന്റെ മണ്ണും ത്രസിച്ചുയർന്നു.
ഭഗത്സിങ്ങിന്റെ അനുജത്തി ബീബീ പ്രകാശ് കൗറിന്റെ മക്കളായ ഗുർജിത് കൗറും സർദാർ ഹകുമത് സിങ്ങ് മൽഫിയും ഭാര്യ സുരീന്ദർ കൗറും ചേർന്ന് വിപ്ലവ ഗായിക പി കെ മേദിനിയും പി കെ ചന്ദ്രാനന്ദൻ, എം ടി ചന്ദ്രസേനൻ, കെ ദാസ്, സി കെ വാസു, സി കെ കരുണാകരൻ എന്നീ പുന്നപ്ര–- വയലാർ സമരസേനാനികളുടെ മക്കളും പുസ്തകം ഏറ്റുവാങ്ങി.
പ്രകാശനയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. പൊളിറ്റ് ബ്യൂറോഅംഗം എം എ ബേബി അധ്യക്ഷനായി. ജില്ലാസെക്രട്ടറി ആർ നാസർ, സമത ചെയർപേഴ്സൺ ടി ജി അജിത, ഗുർജിത് കൗർ , സർദാർ ഹകുമത് സിങ് മൽഫി, സുരീന്ദർ കൗർ എന്നിവർ സംസാരിച്ചു. സമത മാനേജിങ് ട്രസ്റ്റി പ്രൊഫ. ടി എ ഉഷാകുമാരി സ്വാഗതവും സുശീല ഗോപാലൻ പഠനഗവേഷണകേന്ദ്രം ഡയറക്ടർ പ്രൊഫ. വി എൻ ചന്ദ്രമോഹൻ നന്ദിയും പറഞ്ഞു. തൃശൂരിലെ പ്രസാധനരംഗത്തെ പെൺകൂട്ടായ്മയായ സമതയുടെ 90–-ാമത് പുസ്തകമാണിത്. കെ രാജഗോപാലാണ് രചയിതാവ്. പത്രപ്രവർത്തകൻ, കവി, വിദ്യാഭ്യാസവിചക്ഷണൻ, സ്വാതന്ത്ര്യസമരസേനാനി എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങൾക്ക് അർഹനാണ് മൊഹാനി. റഷ്യൻ വിപ്ലവത്തിൽ ആകൃഷ്ടനായ മൊഹാനി കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ മുൻകൈയെടുത്തു. അദ്ദേഹമാണ് 1921ൽ ഉർദുവിൽ ‘ ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത്. 1925ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ പ്രഥമസമ്മേളനം കാൺപുരിൽ ചേർന്നപ്പോൾ സ്വാഗതസംഘം ചെയർമാനായിരുന്നു.