തിരുവനന്തപുരം
എല്ലാവിഭാഗം മനുഷ്യർക്കും പ്രചോദനമാകുകയും അടുപ്പമുള്ളവരാൽ പ്രചോദിതനാകുകയും ചെയ്യുന്ന ആൾ. ഇന്നസെന്റ് അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിന്റെമാത്രം ആളായില്ല. തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിൽ കോടിയേരി ബാലകൃഷ്ണനെ കാണാൻ ഭാര്യ ആലീസിനൊപ്പം ഇന്നസെന്റ് എത്തിയിരുന്നു. കോടിയേരി ചികിത്സയ്ക്ക് അമേരിക്കയിൽ പോകാമെന്ന് തീരുമാനിച്ച സമയമായിരുന്നു അത്. ഒന്നരമണിക്കൂർ വീട്ടിൽ ചെലവഴിച്ച അദ്ദേഹം സരസമായി കാര്യങ്ങൾ പറഞ്ഞ് കോടിയേരിയെ പ്രചോദിപ്പിച്ച കാര്യം മകൻ ബിനീഷ് കോടിയേരി ഓർമിച്ചു.
‘നിരവധി ത്യാഗങ്ങളിലൂടെ ഉയർന്നുവന്ന നേതാവിനെ കാൻസറിന് തളർത്താൻ കഴിയില്ല. പോകാൻ പറ. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകവും സമ്മാനിച്ചാണ് അന്ന് ഇന്നസെന്റ് ചേട്ടൻ മടങ്ങിയത്. അദ്ദേഹം ഇടയ്ക്കിടയ്ക്ക് ഫോൺ വിളിക്കുമായിരുന്നു. വിവരങ്ങൾ അന്വേഷിക്കും. അച്ഛനും തിരിച്ചുവിളിക്കും’’ –- ബിനീഷ് ഓർമകള് പങ്കുവച്ചു. ഇന്നസെന്റ് വന്ന് സംസാരിച്ചകാര്യം പിന്നീട് പല അഭിമുഖത്തിലും കോടിയേരി പറഞ്ഞിട്ടുണ്ട്.
‘കാണുന്ന മനുഷ്യരിലും അനുഭവങ്ങളിലും നർമം കണ്ടെത്തിയ ആളായിരുന്നു ഇന്നസെന്റ്. അതിന്റെ വളരെ കുറച്ചേ അദ്ദേഹത്തിന്റെ സിനിമകളിൽ കാണൂ’’ നടനും ചലച്ചിത്ര അക്കാദമി വൈസ്പ്രസിഡന്റുമായ പ്രേംകുമാർ പറഞ്ഞു. സിനിമയിലെ തുടക്കക്കാലത്ത് ഏറെ പ്രോത്സാഹനം അദ്ദേഹം നൽകിയിരുന്നതായും പ്രേംകുമാർ ഓർമിച്ചു.
ആൾക്കൂട്ടത്തിൽ ജീവിക്കാൻ ഇഷ്ടപ്പെട്ടയാളായിരുന്നു ഇന്നസെന്റ്. ശ്രീനിവാസനെയും സത്യൻ അന്തിക്കാടിനെയുംപോലെ വളരെ കുറച്ചു ആളുകളുടെ അടുത്താണ് അദ്ദേഹം ഒറ്റയ്ക്ക് പോയിരുന്നത്. മറ്റ് എവിടെ പോകുമ്പോഴും അദ്ദേഹം കുടുംബത്തെയും ഒപ്പംകൂട്ടി. ഷൂട്ടിങ് ലൊക്കേഷനിലായിരിക്കുമ്പോഴും പ്രിയപ്പെട്ടവർ എവിടെയുണ്ട് അവിടെയായിരിക്കും അദ്ദേഹവുമുണ്ടാകുകയെന്ന് നടനും സംവിധായകനുമായ മധുപാൽ ഓർമിച്ചു.