ന്യൂഡൽഹി
അദാനി ഗ്രൂപ്പിന്റെ ഗുരുതര ക്രമക്കേടുകളെ ബിജെപി സർക്കാർ നിർലജ്ജം പ്രതിരോധിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അദാനിഗ്രൂപ്പിന്റെ ക്രമക്കേടുകൾ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണം. നിയമ നടപടികൾ സ്വീകരിക്കണം–- പാർടി പൊളിറ്റ്ബ്യൂറോ യോഗത്തിന്റെ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ശിങ്കിടി മുതലാളിമാരുമായുള്ള ബിജെപി കൂട്ടുകെട്ട് എസ്ബിഐ, എൽഐസി എന്നീ സ്ഥാപനങ്ങളിൽനിന്ന് ജനങ്ങളുടെ ജീവിതസമ്പാദ്യമായ ആയിരക്കണക്കിനു കോടി രൂപ കൊള്ളയടിക്കാൻ സൗകര്യമൊരുക്കി.
2014നുശേഷം രാജ്യത്ത് നിലവിൽവന്ന ഹീനമായ കോർപറേറ്റ്–-വർഗീയ കൂട്ടുകെട്ട് ഹിൻഡൻബർഗ് റിപ്പോർട്ടിൽ വെളിച്ചത്തായി. മോദി അധികാരമേറ്റപ്പോൾ, ലോകസമ്പന്നരുടെ പട്ടികയിൽ 609–-ാം സ്ഥാനത്തായിരുന്ന അദാനി 2022ൽ ലോകത്തെ ധനികരിൽ രണ്ടാമനായി. ബിജെപി ഭരണത്തിൽ അദാനി ഗ്രൂപ്പിന്റെ ആസ്തി അതിവേഗം പെരുകിയത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകാതെ പാർലമെന്റ് സ്തംഭിപ്പിക്കുകയാണ് അവർ. ജുഡീഷ്യറിക്കുമേൽ സർക്കാരിന്റെ നിയന്ത്രണം അടിച്ചേൽപ്പിക്കാനുള്ള ശ്രമവും ചെറുത്തുതോൽപ്പിക്കണം.
ബിജെപിയുടെ രാഷ്ട്രീയലക്ഷ്യങ്ങൾ നേടാൻ ഗവർണർമാരെ ഉപയോഗിക്കുന്നതും തുടരുകയാണെന്ന് പിബി യോഗം വിലയിരുത്തി.
ഇഡിയും സിബിഐയും ബിജെപിയുടെ രാഷ്ട്രീയ ആയുധമായി മാറി. സംഭവങ്ങൾ ഊതിവീർപ്പിച്ച് വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ എതിരാളികളെ കേസുകളിൽ കുടുക്കുന്നു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ജയിലിൽ അടച്ചു. ആർജെഡി നേതാക്കളായ ലാലുപ്രസാദ് യാദവിന്റെയും തേജസ്വി യാദവിന്റെയും കുടുംബാംഗങ്ങളെയും ബിആർഎസ് നേതാവ് കവിതയെയും മറ്റ് പല നേതാക്കളെയും ലക്ഷ്യമിട്ട് നീങ്ങുന്നുവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പും മോദി സർക്കാരും തമ്മിലുള്ള ചങ്ങാത്തം തുറന്നുകാട്ടുന്ന ലഘുലേഖയും അദ്ദേഹം പ്രകാശിപ്പിച്ചു.
പിന്തുണ വ്യക്തിക്കല്ല
രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതും അദ്ദേഹത്തെ എംപിസ്ഥാനത്തുനിന്ന് തിരക്കിട്ട് അയോഗ്യനാക്കിയതും വിമർശങ്ങളോട് ബിജെപി പ്രകടിപ്പിക്കുന്ന പ്രകടമായ അസഹിഷ്ണുതയ്ക്കും ഏകാധിപത്യസ്വഭാവത്തിനും തെളിവാണ്.സിപിഐ എം പിന്തുണ വ്യക്തിക്കല്ല, നിയമവാഴ്ചയും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണെന്നും യെച്ചൂരി പറഞ്ഞു. സിപിഐ എമ്മിന്റെ പിന്തുണയും സഹതാപവും രാഹുൽ ഗാന്ധിക്ക് ആവശ്യമില്ലെന്ന് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.