ലക്സംബർഗ് സിറ്റി
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകൾക്ക് വിശ്രമമില്ല. പോർച്ചുഗൽ കുപ്പായത്തിൽ തുടർച്ചയായ രണ്ടാംകളിയിലും ഇരട്ടഗോളുമായി മുപ്പത്തെട്ടുകാരൻ തിളങ്ങി. യൂറോ കപ്പ് യോഗ്യതാ ഫുട്ബോളിൽ ലക്സംബർഗിനെ പോർച്ചുഗൽ തകർത്തത് ആറ് ഗോളിന്. ജോയോ ഫെലിക്സ്, ബെർണാർഡോ സിൽവ, ഒറ്റാവിയോ, റാഫേൽ ലിയാവോ എന്നിവരും ലക്ഷ്യം കണ്ടു.
മറ്റു മത്സരങ്ങളിൽ ഇംഗ്ലണ്ട് ഉക്രയ്നെ രണ്ട് ഗോളിനും ഇറ്റലി മാൾട്ടയെ സമാന സ്കോറിനും വീഴ്ത്തി. ലക്സംബർഗിനെതിരെ ലക്ഷ്യത്തിലേക്ക് തൊടുത്ത ആദ്യ ഷോട്ടിൽത്തന്നെ റൊണാൾഡോ ഗോൾ നേടി. 31–-ാംമിനിറ്റിലായിരുന്നു രണ്ടാംഗോൾ. രാജ്യാന്തര കുപ്പായത്തിലെ ഗോളടി റെക്കോഡ് 122 ആക്കി ഉയർത്തി. ഈ വർഷം 13 കളിയിൽ 15 ഗോളായി മുന്നേറ്റക്കാരന്. ഉക്രയ്നെതിരെ സ്വന്തംതട്ടകത്തിൽ ക്യാപ്റ്റൻ ഹാരി കെയ്നിന്റെയും ബുകായോ സാക്കയുടെയും ഗോളിലാണ് ഇംഗ്ലണ്ട് ജയം പിടിച്ചത്. ആദ്യകളിയിൽ ഇറ്റലിയെ തോൽപ്പിച്ചിരുന്നു. നിലവിലെ ചാമ്പ്യൻമാരായ ഇറ്റലിക്കായി മാറ്റിയോ റെറ്റെഗുയി, മാറ്റിയോ പെസിന എന്നിവർ ലക്ഷ്യം കണ്ടു. ഡെൻമാർക്കിനെ കസാക്കിസ്ഥാൻ 3–-2ന് അട്ടിമറിച്ചു.