മുംബൈ
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് 16–-ാംസീസൺ 31ന് തുടങ്ങും. അഹമ്മദാബാദിൽ വെള്ളി രാത്രി 7.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. 12 വേദികളിലായി 10 ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ 74 കളിയുണ്ട്. ഫൈനൽ മെയ് 28ന്.
അഞ്ചുതവണ ജേതാക്കളായ മുംബൈ ഇന്ത്യൻസ്, നാലുതവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സ്, രണ്ടുതവണ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ആദ്യ ഐപിഎൽ നേടിയ രാജസ്ഥാൻ റോയൽസ്, നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ്, 2016 ജേതാക്കൾ സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർക്കൊപ്പം ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളാണുള്ളത്.
നാല് വർഷത്തിനുശേഷം ‘ഹോം ആൻഡ് എവേ’ രീതിയിലേക്ക് മത്സരക്രമം തിരിച്ചുവരുന്നുവെന്നത് സവിശേഷതയാണ്. ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പിലുള്ളവരുമായി ഒരുതവണയും എതിർഗ്രൂപ്പിലുള്ളവരുമായി രണ്ടുതവണയും മത്സരമുണ്ട്. ഒരു ടീമിന് 14 കളി. കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകൾ പ്ലേഓഫിലേക്ക് മുന്നേറും. ആദ്യ രണ്ട് സ്ഥാനക്കാർ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടി ഫൈനലിലെത്തും. അതിൽ തോൽക്കുന്നവർക്ക് ഒരു അവസരംകൂടിയുണ്ട്. മൂന്നും നാലും സ്ഥാനക്കാർ എലിമിനേറ്ററിൽ ഏറ്റുമുട്ടും. അതിലെ വിജയിയും ഒന്നാം ക്വാളിഫയറിൽ തോൽക്കുന്നവരും രണ്ടാം ക്വാളിഫയർ കളിച്ച് ഫൈനലിലെത്തും. ഇക്കുറി ജേതാക്കൾക്ക് 20 കോടി രൂപയാണ് സമ്മാനത്തുക. റണ്ണറപ്പിന് 13 കോടി.
തുടരാൻ
ഗുജറാത്ത്
അരങ്ങേറ്റത്തിൽ നേടിയ കിരീടം കാത്തുസൂക്ഷിക്കാനാണ് ഗുജറാത്ത് ടൈറ്റൻസിന്റെ വരവ്. കിരീടം നേടിയ ടീമിൽ കാര്യമായ മാറ്റമില്ല. ഹാർദിക് പാണ്ഡ്യയുടെ നായക മികവായിരിക്കും മുന്നേറ്റത്തിനുള്ള അടിസ്ഥാനം. ഓപ്പണർ ഡേവിഡ് മില്ലർ അടക്കമുള്ള ദക്ഷിണാഫ്രിക്കൻ കളിക്കാരുടെ സേവനം തുടക്കത്തിൽ ലഭ്യമാകാത്തത് തിരിച്ചടിയാണ്. ഇവർക്ക് ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനുണ്ട്. ഓൾറൗണ്ടർമാരുടെ കരുത്തുണ്ട്. വിക്കറ്റെടുക്കാൻ പേസർമാരെ ആശ്രയിക്കുന്നു. ടീമിൽ 17 ഇന്ത്യക്കാരും എട്ട് വിദേശികളും.
ക്യാപ്റ്റൻ: ഹാർദിക് പാണ്ഡ്യ
കോച്ച്: ആശിഷ് നെഹ്റ
പ്രമുഖർ: ഹാർദിക് പാണ്ഡ്യ (15 കോടി), റഷീദ്ഖാൻ (15 കോടി), രാഹുൽ ടെവാട്ടിയ (9 കോടി), ഡേവിഡ് മില്ലർ (3 കോടി), ശുഭ്മാൻ ഗിൽ (8 കോടി), കെയ്ൻ വില്യംസൺ (2 കോടി), മുഹമ്മദ് ഷമി (6.25 കോടി), ശിവം മാവി (6 കോടി), അൽസാരി ജോസഫ് (2.4 കോടി), യാഷ് ദയാൽ (3.20 കോടി).
ഓൾറൗണ്ടർ ചെന്നൈ
ചെന്നൈ സൂപ്പർ കിങ്ങ്സ് കഴിഞ്ഞ സീസൺ മറക്കാൻ ആഗ്രഹിക്കുന്നു. 14 കളിയിൽ ജയിച്ചത് നാലെണ്ണത്തിൽമാത്രം. 10 ടീമുകളുള്ള ഐപിഎല്ലിൽ ഒമ്പതാംസ്ഥാനം. തുടക്കത്തിൽ രവീന്ദ്ര ജഡേജ ക്യാപ്റ്റനായിരുന്നു. ആദ്യ എട്ട് കളിയിൽ ആറും തോറ്റു. മഹേന്ദ്രസിങ് ധോണി തിരിച്ചുവന്നു. പക്ഷേ ടീമിനെ രക്ഷിക്കാനായില്ല. നാലുതവണ ജേതാക്കളായ ടീമിന്റെ ശക്തി ഓൾറൗണ്ടർമാരാണ്. ധോണി നാൽപത്തൊന്നാം വയസ്സിലും നായകനാണ്. ഈ സീസണോടെ വിരമിക്കുമോയെന്ന് വ്യക്തമല്ല. റണ്ണടിച്ച് കളി ജയിക്കാമെന്നാണ് ആത്മവിശ്വാസം. 25 അംഗ ടീമിൽ പതിനേഴ് ഇന്ത്യക്കാർ.
ക്യാപ്റ്റൻ: മഹേന്ദ്രസിങ് ധോണി
കോച്ച്: സ്റ്റീഫൻ ഫ്ലെമിങ്
പ്രമുഖർ (ബ്രാക്കറ്റിൽ ലേലത്തുക): ബെൻ സ്റ്റോക്സ് (16.25 കോടി), ധോണി (12 കോടി), മൊയീൻ അലി (8 കോടി), രവീന്ദ്ര ജഡേജ (16 കോടി), ദീപക് ചഹാർ (14 കോടി), മിച്ചൽ സാന്റ്നർ (1.9 കോടി), ശിവം ദുബെ (4 കോടി), അമ്പാട്ടി റായിഡു (6.75 കോടി).
ഡൽഹിക്ക് ഒരിക്കലെങ്കിലും
എല്ലാ തവണയും മികച്ച ടീമുമായി എത്തുമെങ്കിലും തിരിച്ചടിവാങ്ങി പോകാറാണ് പതിവ്. 2020ൽ റണ്ണറപ്പായതാണ് ഏകനേട്ടം. കഴിഞ്ഞതവണ 10ൽ അഞ്ചാംസ്ഥാനം. കാറപകടത്തിൽ പരിക്കേറ്റ് വിശ്രമിക്കുന്ന ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ അഭാവം തിരിച്ചടിയാണ്. പുതിയ നായകൻ ഡേവിഡ് വാർണർക്കൊപ്പം പ്രിഥ്വി ഷാ ഓപ്പണറാകും. ഈ വിനാശസഖ്യമാകും ഡൽഹിയുടെ മുന്നേറ്റങ്ങൾക്ക് നിർണായകമാവുക.
മികച്ച വിദേശ താരങ്ങൾ ഉൾപ്പെട്ട പേസ് ബൗളർമാരാണ് കരുത്ത്. 25 അംഗ ടീമിൽ 17 ഇന്ത്യക്കാർ.
ക്യാപ്റ്റൻ:
ഡേവിഡ് വാർണർ
കോച്ച്: റിക്കി പോണ്ടിങ്
പ്രമുഖർ: ഡേവിഡ് വാർണർ (6.25 കോടി), മിച്ചൽ മാർഷ് (6 കോടി), അക്സർ പട്ടേൽ (9 കോടി), പ്രിഥ്വി ഷാ (7.5 കോടി), ആൻറിച്ച് നോർത്യേ (6.5 കോടി), ലുങ്കി എൻഗിഡി (50 ലക്ഷം), ഇശാന്ത് ശർമ (50 ലക്ഷം), മുസ്തഫിസുർ റഹ്മാൻ (2 കോടി), ഖലീൽ അഹമ്മദ് (5.25 കോടി), ചേതൻ സക്കറിയ (4.2 കോടി), കുൽദീപ് യാദവ് (2 കോടി), റോവ്മാൻ പവൽ (2.8 കോടി), മനീഷ് പാണ്ഡെ (2.4 കോടി).