ന്യൂഡൽഹി> ഹെൽത്തി സ്കീമിൽ കേന്ദ്രസർക്കാർ കുടിശ്ശിക വരുത്തിയതോടെ ചികിത്സ നിഷേധിക്കപ്പെടുന്ന കേരളത്തിലെ വിമുക്ത ഭടന്മാരുടെ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡോ വി ശിവദാസൻ എംപി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കത്തു നൽകി.
കേരളത്തിലെ വിമുക്തഭടന്മാരുടെ ഇസിഎച്ച്എസ് (എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം) പ്രകാരം ആശുപത്രികൾക്ക് നൽകേണ്ട പണം കേന്ദ്രസർക്കാർ കുടിശ്ശിക വരുത്തിയതോടെയാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. കുടിശ്ശിക തുക നൽകിയില്ലെങ്കിൽ പുതിയ രോഗികളെ സ്വീകരിക്കുകയോ നിലവിലുള്ള ചികിത്സകളുമായി മുന്നോട്ടുപോകുകയോ ചെയ്യില്ലെന്ന് പ്രമുഖ സ്വകാര്യ ആശുപത്രികൾ നിലപാട് എടുത്തിരിക്കുകയാണ്. ഗുരുതരമായ ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ ഇടപെടണം എന്നാവശ്യപ്പെട്ടാണ് എംപി കത്തു നൽകിയത്.
യൗവ്വനകാലം രാജ്യസേവനത്തിനായി ചെലവഴിച്ച വിമുക്തഭടന്മാരോട് കാണിക്കുന്ന നിർദയമായ സമീപനം ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ഇസിഎച്ച്എസ് കുടിശ്ശിക കാലതാമസമില്ലാതെ തീർപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ശരിയായ സംവിധാനം ഏർപ്പെടുത്തണമെന്നും കുടിശ്ശിക താമസിയാതെ നൽകണമെന്നും വി ശിവദാസൻ കത്തിൽ ആവശ്യപ്പെട്ടു.