ന്യൂഡൽഹി > ഒരുമാസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സർക്കാർ നോട്ടീസ്. അപകീർത്തിക്കേസിൽ കുറ്റക്കാരനായി രണ്ടുവർഷം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു.
ഏപ്രിൽ 22നുള്ളിൽ തുഗ്ലക്ക് ലെയ്നിലെ 12ാം നമ്പർ ഔദ്യോഗികവസതി ഒഴിയണമെന്നാണ് ലോക്സഭ ഹൗസിങ്ങ് കമ്മിറ്റിയുടെ നോട്ടീസിലെ നിർദേശം. അതേസമയം, വസതി ഒഴിയാൻ രാഹുലിന് വേണമെങ്കിൽ കൂടുതൽ സമയം തേടാം. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം അപേക്ഷ നൽകിയാൽ അത് പരിഗണിക്കുമെന്ന് ഹൗസിങ്ങ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ വസതി ഒഴിയണമെന്നാണ് ചട്ടം. അതിനുശേഷം താമസിക്കണമെങ്കിൽ ഉചിതമായ വാടക നൽകേണ്ടി വരും.
രാഹുൽ ഇസെഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയുള്ളതിനാൽ അദ്ദേഹത്തിന് സർക്കാർ സംവിധാനത്തിന് കീഴിലുള്ള ഏതെങ്കിലും വസതിയിൽ താമസിക്കാനാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു. എന്നാൽ, ഇസെഡ് പ്ലസ് സുരക്ഷയുണ്ടെങ്കിലും ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാർശ ഉണ്ടെങ്കിൽ മാത്രമേ ഈ കാര്യത്തിൽ ഇളവ് ലഭിക്കുകയുള്ളുവെന്നാണ് സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. നേരത്തെ, പ്രിയങ്കാഗാന്ധിക്ക് നൽകിയിരുന്ന എസ്പിജി പരിരക്ഷ ഒഴിവാക്കിയതിനെ തുടർന്ന് അവർക്ക് ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി ഒഴിയേണ്ടി വന്നിരുന്നു. പ്രിയങ്കയ്ക്ക് ഒപ്പം രാഹുലിന്റെയും എസ്പിജി സംരക്ഷണം സർക്കാർ ഒഴിവാക്കിയിരുന്നു.