ന്യൂഡൽഹി> ഗുജറാത്ത് വംശഹത്യാവേളയിൽ ബിൽക്കിസ്ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 11 കുറ്റവാളികളെ വെറുതേവിട്ട ഗുജറാത്ത് സർക്കാർ നടപടി സൂക്ഷ്മമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഭീകരമായ കുറ്റകൃത്യമാണ് നടന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ബിജെപിസർക്കാരിന്റെ നടപടിക്ക് എതിരെ ബിൽക്കിസ് ബാനു നൽകിയ ഹർജിയിൽ പ്രത്യേകബെഞ്ച് കേന്ദ്രസർക്കാരിനും ഗുജറാത്ത് സർക്കാരിനും നോട്ടീസയച്ചു.
കുറ്റവാളികൾക്ക് ശിക്ഷാഇളവ് നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ‘നിരവധി കൊലപാതക്കേസുകളിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികൾ ശിക്ഷാഇളവ് കിട്ടാതെ നമ്മുടെ ജയിലുകളിൽ വർഷങ്ങളായി കഴിയുന്നുണ്ട്. മറ്റ് കേസുകൾക്ക് ബാധകമായ അതേ മാനദണ്ഡങ്ങൾ പ്രകാരമാണോ ശിക്ഷാഇളവ് അനുവദിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്’– ജസ്റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു.
ഏപ്രിൽ 18ന് കേസ് കോടതി വീണ്ടും പരിഗണിക്കും. കുറ്റവാളികളെ വെറുതേവിട്ടതിന് എതിരെ ബിൽക്കിസ്ബാനു നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഗുജറാത്ത് വംശഹത്യാവേളയിൽ 2002ലാണ് കുറ്റവാളികൾ ബിൽക്കിസ്ബാനുവിന്റെ ബന്ധുക്കളെ കൊലപ്പെടുത്തി അവരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കുറ്റവാളികളെ വെറുതേവിട്ട നടപടിക്ക് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സിപിഐ എം നേതാവ് സുഭാഷിണിഅലി ഉൾപ്പടെയുള്ളവർ സർക്കാർ നടപടിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചു.