കൊച്ചി
നിയമവും ചട്ടവും കാറ്റിൽപറത്തി കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ചാൻസലർകൂടിയായ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയുടെ രൂപീകരണവും കമ്മിറ്റി കൺവീനറുടെ നിയമനവും കോടതി റദ്ദാക്കിയിട്ടുണ്ട്. ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ‘പുറത്താക്കൽ’ നടപടിക്കെതിരെ സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. ഗവർണറുടെ ഏകാധിപത്യ പ്രവർത്തനങ്ങൾക്കുള്ള കനത്ത പ്രഹരമാണ് കോടതി വിധി.
നിയമനാധികാരിയുടെ വ്യക്തിപരമായ പ്രീതി നഷ്ടപ്പെട്ടതിനാൽ നിയമനം പിൻവലിക്കുന്നുവെന്ന ചാൻസലറുടെ വാദം കോടതി തള്ളി. സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽയുദ്ധം നടത്തുകയാണെന്ന് ഗവർണർ ഹൈക്കോടതിയിൽ വാദിച്ചു. അതുകൊണ്ടാണ് താൻ നാമനിർദേശം ചെയ്തവരുടെ പ്രീതി പിൻവലിച്ചതെന്നും ഗവർണർ കോടതിയെ അറിയിച്ചു. എന്നാൽ, പ്രീതി എന്ന ആശയം നിയമപരമായിമാത്രമാണ് പ്രയോഗിക്കാനാവുക എന്നുപറഞ്ഞ കോടതി അവ വ്യക്തി താൽപ്പര്യത്തിൽ നടപ്പാക്കാനാകില്ലെന്നും ആവർത്തിച്ചു.
അഞ്ചാമത്തെ അടി
ചാൻസലറുടെ പദവി ഉപയോഗിച്ച് സർവകലാശാലകളെ രാഷ്ട്രീയക്കളിക്ക് വേദിയാക്കിയ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് കുറഞ്ഞ കാലത്തിനിടെ ഹൈക്കോടതിയിൽനിന്ന് ലഭിച്ച അഞ്ചാം പ്രഹരമാണ് സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് റദ്ദാക്കിയത്. സർവകലാശാല നിയമങ്ങളും ചട്ടങ്ങളും മറികടന്ന് കെടിയു താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി, കേരള സർവകലാശാലയിൽ സെനറ്റിന്റെ പ്രതിനിധിയില്ലാതെ വിസി നിയമനത്തിനുള്ള സെർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീൽ എന്നീ രണ്ട് കേസുകളിലും അടുത്തിടെ ഗവർണർക്കെതിരെ ഹൈക്കോടതി വിധിച്ചിരുന്നു. കേരളത്തിലെ 11 സർവകലാശാല വെെസ്ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കം ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. കഴിഞ്ഞയാഴ്ച കെടിയു സിൻഡിക്കറ്റിന്റെ തീരുമാനങ്ങൾ റദ്ദാക്കിയ ഗവർണറുടെ ഏകപക്ഷീയ നടപടിയും ഹൈക്കോടതി അസാധുവാക്കി.