അങ്കമാലി > വെഡിങ് ഫോട്ടോഗ്രാഫിക്ക് എന്ന വ്യാജേന ലക്ഷങ്ങൾ വിലപിടിപ്പുള്ള ക്യാമറകൾ വാടകയ്ക്ക് എടുത്ത വിറ്റ കേസിലെ പ്രതി അറസ്റ്റിൽ. അങ്കമാലി പോട്ടെ പറമ്പിൽ റോബിൻ ബെന്നിയെയാണ് നെല്ലായി പൊലീസ് അറസ്റ്റ് ചെയ്തത്. റോബിന്റെ അങ്കമാലിയിൽ ഉള്ള വീടിന്റെ പരിസരത്ത് നിന്നാണ് അതിവിദഗ്ധമായി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാൾ പലരിൽ നിന്നും വാടകയ്ക്ക് എടുത്തിരുന്നു. വാടകയ്ക്ക് എടുത്ത ക്യാമറകൾ അപ്പോൾ തന്നെ ഇയാളുടെ സഹായി വഴി വിൽക്കുകയും, വാടകയിനത്തിൽ കുറച്ച് പണം ഇടപാടുകാരനും നൽകിയും ആണ് ആസൂത്രണം ചെയ്തു പോന്നിരുന്നത്. തൃശ്ശൂർ നെല്ലായിലുള്ള പ്രദീപ് എന്നയാളിൽ നിന്നും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വില വരുന്ന ക്യാമറകളും ലെൻസുകളും തിരിച്ചു തരാം എന്ന വ്യവസ്ഥയിൽ ആറുമാസം മുമ്പ് റോബിൻ വാടകയ്ക്ക് എടുത്തിരുന്നു. വാടകയ്ക്ക് കൊടുത്ത 7 ക്യാമറകളിൽ ഒന്ന് തിരിച്ചു ചോദിച്ചപ്പോഴാണ് കള്ളം വെളിച്ചത്തായത്.
തുടർന്നുള്ള പൊലീസിന്റെ അന്വേഷണത്തിൽ ഇയാൾ സമാനമായ രീതിയിൽ പലരിൽ നിന്നും ക്യാമറകൾ വാടകയ്ക്ക് എടുക്കുകയും മറിച്ച് വിൽക്കുകയും ചെയ്തിട്ടുണ്ട്. ഇരിഞ്ഞാലക്കുട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അങ്കമാലി, കാലടി, കൊടകര എന്നീ സ്റ്റേഷനുകളിൽ ഇയാളെക്കുറിച്ച് നിരവധി പരാതികൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കിട്ടിയ പരാതികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.