ന്യൂഡൽഹി> പാണാവള്ളി കാപ്പികോ റിസോർട്ടിന്റെ പ്രധാന കെട്ടിടം ഒഴിച്ച് ബാക്കിയുള്ള കെട്ടിടങ്ങളെല്ലാം പൊളിച്ചതായി സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. റിസോർട്ടിലെ 54 കോട്ടേജുകളും പൊളിച്ചുമാറ്റി. പ്രധാനകെട്ടിടത്തിന്റെ പൊളിക്കൽ പുരോഗമിക്കുകയാണെന്നും ചീഫ്സെക്രട്ടറിക്ക് വേണ്ടി ഹാജരായ സ്റ്റാൻഡിങ്ങ്കോൺസൽ സി കെ ശശി കോടതിയെ അറിയിച്ചു.
റിസോർട്ട് പൂർണമായും പൊളിച്ചുമാറ്റണമെന്നും കോടതിഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് അനിരുദ്ധാബോസ് അദ്ധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു. പൊളിക്കലിന്റെ വിശദാംശങ്ങൾ വ്യക്തമാക്കി വെള്ളിയാഴ്ച്ച തന്നെ സത്യവാങ്ങ്മൂലം സമർപ്പിക്കാമെന്ന് ചീഫ്സെക്രട്ടറി പറഞ്ഞു. ഇതേതുടർന്ന് ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.