ഞങ്ങൾ താഴ്വരയിൽ എത്തിക്കഴിഞ്ഞു. ഇരുവശവും പാറക്കല്ലുകൾ അടുക്കിയതിന് മധ്യത്തിലൂടെ നീർച്ചാൽ താഴേക്ക് പതിക്കുന്നു. ഉച്ചകഴിഞ്ഞ് മഞ്ഞുവീണുതുടങ്ങിയതിന്റെ ആലസ്യം അതിനുമുണ്ട്. ചാലിലെ വെള്ളം പലയിടത്തും കട്ട പിടിച്ചിട്ടുണ്ട്. വിസ്താരമുള്ള സ്ഥലങ്ങൾ കല്ലുവീണ് പൊട്ടിയ കണ്ണാടിപോലെ. ചാലിനുമീതെയുള്ള നടപ്പാലം കടന്ന് മുകളിലേക്ക് നോക്കുമ്പോൾ ആകാശത്തേക്കുനീളുന്ന പുൽമേട്. ബുൻബുനി അതിന്റെ എല്ലാ ചന്തവും പുറത്തുകാട്ടി കിടക്കുന്നു.
പിറ്റേന്ന് പുലർച്ചെ ഭാണ്ഡങ്ങൾ മുറുക്കി കുന്നുകയറ്റം തുടങ്ങി. ബുൻബുനി പാസിലേക്കാണ് നടക്കുന്നത്. അത്ര സുഖമുള്ള വഴിയല്ലെന്ന് തലേന്ന് സന്തോഷ് സൂചിപ്പിച്ചിരുന്നു. ഞങ്ങളുടെ കൈയിലുള്ള സാധാരണ സ്ലീപ്പിങ് ബാഗ് തടിവീട്ടിൽ തന്നെവച്ചു. ഗ്രിഗറി, മഹേഷ്, പ്രശോഭ് പിന്നെ പ്രിയപ്പെട്ട നായ്ക്കുട്ടി മുഷി എന്നിവരാണ് ഞങ്ങൾക്കൊപ്പമുള്ളത്. ഹിമാചലുകാരനെങ്കിലും മഹേഷിന് മലയാളം വശമുണ്ട്. കേട്ടാൽ മനസ്സിലാവും, അത്യാവശ്യം തിരികെ പറയാനും അറിയാം. ഒന്ന് രണ്ടുവർഷംമുമ്പ് മഹേഷ് എറണാകുളത്ത് ഹോട്ടൽ തൊഴിലാളിയായിരുന്നു. അന്ന് പഠിച്ചെടുത്തതാണ് മലയാളം.
ബുൻബുനി പാസ്
പ്രശോഭ് ആദ്യമായാണ് ബുൻബുനിക്ക് വരുന്നത്. നാട്ടിൽ ചില ബിസിനസുമായി കഴിഞ്ഞുകൂടുമ്പോൾ എന്തോ തട്ടുകേട് സംഭവിച്ചു. ബിസിനസ് നിർത്തി, ഊരുചുറ്റാൻ ഇറങ്ങിയതാണ്. വന്നുപെട്ടത് സന്തോഷിന്റെ താവളത്തിൽ. ഇതെഴുതുമ്പോഴും പ്രശോഭ് കൽഗയിൽ തന്നെയുണ്ട്. ടൂർ ഓപ്പറേഷൻ നടത്തുന്ന മറ്റൊരാളുടെ സഹായിയായി. കുറെക്കാലം എല്ലാം കണ്ടുപരിചയിച്ചശേഷം സ്വന്തമായി ബിസിനസ് ആരംഭിക്കാനുള്ള തീരുമാനത്തിലാണ് പ്രശോഭ്.
തടിവീടിനുമുന്നിലെ പൈൻമരക്കാട്ടിലൂടെയാണ് യാത്ര. കുത്തുകയറ്റം. തലേന്ന് മഴ പെയ്തതിനാൽ വഴുക്കലുണ്ട്. മഹേഷ് സംഘടിപ്പിച്ചുതന്ന കമ്പുകൾ ഊന്നിയാണ് നടത്തം. ഗ്രിഗറിക്കും മഹേഷിനും ചുമക്കാൻ നല്ല ഭാരമുണ്ട്. ഞങ്ങൾക്ക് കിടക്കാനുള്ള ടെന്റുകൾ, സ്ലീപ്പിങ് ബാഗ്, ഭക്ഷണ സാമഗ്രികൾ, പാചകം ചെയ്യാനുള്ള പാത്രങ്ങൾ ഉൾപ്പെടെയുണ്ട്. ഗ്രിഗറിയുടെ ജടപോലെ കെട്ടുപിണഞ്ഞ് കിടക്കുകയാണ് വഴിയിൽ പൈൻ മരത്തിന്റെ വേരുകൾ. സൂക്ഷിച്ച് ചവിട്ടിയില്ലെങ്കിൽ മറിഞ്ഞുവീഴും. സംരക്ഷിത വനമേഖല എന്നാണ് പ്രമാണമെങ്കിലും പലയിടത്തും തടിമില്ലിന്റെ പ്രതീതി. കൂറ്റൻ മരങ്ങൾ മുറിച്ചുവീഴ്ത്തിയിട്ടുണ്ട്. പിടിച്ചാൽ പിടികിട്ടാത്ത വലുപ്പത്തിൽ ഉരുപ്പടി ആയാണ് അവയുടെ കിടപ്പ്. മുഷിയാണ് മുന്നിൽ നടക്കുന്നത്. ഗ്രിഗറി പിന്നിൽനിന്ന് ഒന്ന് ചുമച്ചാൽ മുഷി നിൽക്കും. പരിസരമാകെ നിരീക്ഷിക്കും. പിന്നെ മുന്നോട്ട്.
ആറ് കിലോമീറ്ററിലധികമുണ്ട് ബുൻബുനിയിലേക്ക്. കുത്തുകയറ്റവും ഏറ്റവും മോശമായ വഴിയും ആയതിനാൽ 8–9 മണിക്കൂറെങ്കിലും വേണം നടന്നെത്താൻ. വൈകിട്ട് നാലുമണിക്കുള്ളിൽ എത്താനാകുമെന്ന പ്രതീക്ഷയിലാണ്.
ട്രക്കിങ്ങിൽ സാധാരണ കേൾക്കുന്ന ലെവലുകൾ പ്രധാനമായും രണ്ടാണ്. മോഡറേറ്റ് എന്നും ഡിഫിക്കൽറ്റി എന്നും. കാര്യമായ ബുദ്ധിമുട്ടില്ലാതെ നടക്കാനാകുന്നതാണ് മോഡറേറ്റ്. എന്നാൽ ബുൻബുനി യാത്ര ഇത് രണ്ടും ചേരുന്നതാണ്. നിരന്ന പ്രദേശമാണെന്ന് തോന്നുമെങ്കിലും ഇത്തിരി നടന്ന് പിന്തിരിഞ്ഞുനോക്കുമ്പോഴാണ് അതുവരെ പിന്നിട്ടത് കുത്തുകയറ്റമായിരുന്നുവെന്ന് ബോധ്യപ്പെടുന്നത്. സമുദ്രനിരപ്പിൽനിന്ന് 10987 അടി ഉയരത്തിലുള്ള ഈ പുൽമൈതാനം ലോക നിലവാരത്തിലുള്ളതാണ്.
പൈൻമരക്കാട് പെട്ടെന്ന് അവസാനിച്ചു. മുന്നിൽ തട്ടുതട്ടായി ഉയർന്നുപോകുന്ന പുൽമേട് മാത്രം. അവിടവിടായി ചതുപ്പുപ്രദേശങ്ങളുണ്ട്. കിനിഞ്ഞിറങ്ങിയ വെള്ളം മഞ്ഞുകട്ടകളായി കിടപ്പുണ്ട്. കണ്ണാടിപോലെ തിളങ്ങുന്ന സ്ഥലങ്ങൾ തൊട്ടുമുമ്പുവരെ അരുവി ഒഴുകിയ വഴിയാണ്. അന്തരീക്ഷ ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് വീണതോടെ അരുവികൾ ഒഴുക്കുനിർത്തി ഉറക്കമായി. സൂക്ഷിച്ച് അതിനുമീതെ കാൽവച്ചില്ലെങ്കിൽ വഴുതിപ്പോകും. കാര്യമായ അപകടത്തിനും കാരണമായേക്കും.
സാധാരണ സഞ്ചാരികൾ കടന്നുചെല്ലാത്ത മലയിടുക്കുകൾ ആണ് ബുൻബുനിയിൽ. കയറ്റങ്ങളും ഇറക്കങ്ങളും നിരവധിയുള്ള താഴ്വരയാണിത്. ഹിമാചലിലെ പിൻ പാർവതി റേഞ്ചിൽപ്പെട്ട മാൻതലൈ ഹിമാനിയിൽനിന്ന് തുടങ്ങുന്ന പാർവതി നദി കടന്നുപോകുന്നത് ഖീർഗംഗക്കും ബുൻബുനി താഴ്വരക്കും മധ്യേയാണ്. കൽഗയിൽനിന്ന് ബർഷാനിയിലൂടെ മണികരൻ കടന്ന് ബുന്ദറിലെത്തി ബിയാസ് നദിയിൽ ചേരുംവരെ പാർവതി ഹിമാചലിന്റെ ഓമനപ്പുഴയാണ്. വൻതോതിൽ മഞ്ഞടിയുന്നതും ഹിമാനി ഭ്രംശങ്ങളുമെല്ലാം പാർവതിയുടെ ജലനിരപ്പ് കൂട്ടാറുണ്ട്.
ബുൻബുനി പാസിലേക്കുള്ള ഹെയർപിൻ വഴി
അപ്രതീക്ഷിതമായി മാറ്റം സംഭവിക്കുന്ന നദിയാണ് പാർവതി. ഇക്കാരണത്താൽ ഉൾപ്രദേശങ്ങളിൽ ജനവാസ മേഖലകൾ അധികമില്ല. ബുൻബുനിക്ക് അതുകൊണ്ടുതന്നെ ‘പരിശുദ്ധ താഴ്വര’ എന്നാണ് വിളിപ്പേര്. മഞ്ഞും വെയിലും കാറ്റും ആവോളം നിറഞ്ഞ ഈ താഴ്വരയിൽ സ്ഥിരമായി തമ്പടിക്കുന്നത് ആട്ടിൻകൂട്ടവും ഇടയന്മാരുമാണ്. ഹിമാചലിൽ ബുദ്ധാശ്രമങ്ങൾ നിരവധി ഉണ്ടെങ്കിലും ഈ പ്രദേശത്ത് അങ്ങനെ ഒന്നും കാര്യമായില്ല. വ്യത്യസ്ത മത വിഭാഗങ്ങൾ താമസിക്കുന്ന ഇടമായതാവണം അതിന് കാരണം.
താഴ്വരകളെ പ്രധാനമായും മൂന്നുവിധത്തിലാണ് അടയാളപ്പെടുത്തുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘യു’,‘വി’, കൂടാതെ നിരന്നത് എന്നും. യു ആകൃതിയിലുള്ള പലതിനെയും തൊട്ടിൽ താഴ്വര എന്നും വിളിക്കാറുണ്ട്. ബുൻബുനി താഴ്വര ഈ കളങ്ങളിൽ ഒന്നും ഒതുങ്ങുന്നില്ല. ജിയോളജിസ്റ്റുകളുടെ പഠനങ്ങളും അത്ര ഗൗരവമായി ഈ താഴ്വരയെക്കുറിച്ച് ഉണ്ടായിട്ടില്ല. പൈൻമരങ്ങൾ ഹിമാലയത്തിൽ ഉണ്ടെങ്കിലും വ്യാപകമായി പ്ലാന്റേഷൻ രൂപം പ്രാപിച്ചത് ബ്രിട്ടീഷ് ഭരണകാലത്താണ്. ഉണ്ടായിരുന്ന തനത് വൃക്ഷങ്ങൾ വെട്ടിമാറ്റി വച്ചുപിടിപ്പിച്ച പൈൻമരങ്ങൾ ഗുരുതരമായ പാരിസ്ഥിതിക അസന്തുലിത സൃഷ്ടിച്ചതായി പഠനങ്ങളുണ്ട്.
ഉത്തർഖണ്ഡിലും ഹിമാചലിലും പൈൻ തോട്ടങ്ങളുടെ വരവോടെ ഹിമാലയൻ ജൈവ വ്യവസ്ഥയ്ക്കുതന്നെ കോട്ടം വന്നതായാണ് നിരീക്ഷണങ്ങൾ. ബുൻബുനി അങ്ങനെ ഉണ്ടായ പുൽമേടാകാനാണ് സാധ്യത. തീപിടിത്തത്തിന് കാരണമാകുന്നതാണ് പൈൻമരങ്ങൾ. ഇലയും ശിഖരങ്ങളും കത്തി നശിച്ചാലും വൃക്ഷത്തിന് കാര്യമായ കേടുപാടുകൾ ഉണ്ടാകാറില്ല. നിൽക്കുന്ന ഭൂമിയിലെ ജലാംശം അമിതയളവിൽ വലിച്ചെടുക്കാനും ബാക്ടീരിയ ഉൾപ്പെടെയുള്ള ഭൂമിയുടെ അവകാശികളെ ഇല്ലായ്മ ചെയ്യാനും ഇതിന് കഴിയും. അത്തരത്തിൽ നൂറ്റാണ്ടുകളുടെ ഇടപെടലാവണം കാടിന് നടുവിൽ വിശാലമായ പുൽപ്രദേശങ്ങൾ രൂപംകൊള്ളാൻ കാരണമെന്ന് ഊഹിക്കാം.
ബുൻബുനിക്ക് താഴ്വരയുടെ ശരീരരീതി ഉണ്ടെങ്കിലും തട്ടായ തോട്ടത്തിന്റെ ഘടനയാണ്. ഏറെ തമാശ, പ്രചരിപ്പിച്ചുകൂട്ടുന്ന കെട്ടുകഥയാണ്. പരമശിവൻ പതിനായിരം വർഷം തപസ്സിൽ ആയിരുന്നത്രെ. ഒരു ദിവസം കണ്ണുതുറന്നപ്പോൾ പാർവതിയെ കാണാനില്ല. പ്രണയാതുരനായ ശിവൻ പാർവതിയുടെ ശരീരമെന്നുകരുതി തൊട്ടടുത്തുകണ്ട പർവതാഗ്രത്തിൽ ഒന്നു തലോടി. പർവതം മാത്രമല്ല ആ പ്രദേശമാകെ പെട്ടെന്ന് മാറി. വൃക്ഷങ്ങൾ അപ്രത്യക്ഷമായി. പുൽമേട് രൂപപ്പെട്ടു (കൽഗയിലെ ഗ്രാമീണൻ ഒരു ധാബയിലിരുന്ന് പറഞ്ഞു ഫലിപ്പിച്ച കഥ). ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ വന്ന ശേഷമാണോ പരമശിവന്റെ തപസ്സെന്ന ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ല. ദൈവനിഷേധിയോടുള്ള പ്രതിഷേധംപോലെ ചായ കുടിച്ചു തീർക്കാതെ അയാൾ പോയി.
എത്ര നടന്നിട്ടും എത്താത്തപോലെ ബുൻബുനിയിലേക്കുള്ള വഴി. മഞ്ഞുമൂടിയ പർവതത്തലകളാണ് ചുറ്റിലും. വെയിലിൽ ഉരുകിയുരുകി തെളിയുകയാണവ. ഒപ്പം വരുന്നവർക്ക് ആർക്കും അവയുടെ പേരൊന്നും നിശ്ചയമില്ല. അജ്ഞാത പർവതങ്ങളോട് ചങ്ങാത്തംകൂടി ഞങ്ങൾ കുന്നുകയറിക്കൊണ്ടേയിരുന്നു. ഇടക്കിടെ ഇടയന്മാർ ഉപേക്ഷിച്ച ഷെഡ്ഡുകളുണ്ട്. പൈൻമരം പലതരത്തിൽ കീറിയെടുത്ത് നിർമിക്കുന്നതാണ് ഷെഡ്ഡുകൾ. അസ്ഥിവാരംപോലും മരമാണ്. മേൽക്കൂരയിൽ ചാർത്തിയിരുന്ന മരക്കഷണങ്ങൾ രണ്ടുവശത്തായി ചാരിനിർത്തിയിട്ടുണ്ട്. അത് മഞ്ഞുകാലത്ത് ഇവർ അവലംബിക്കുന്ന രീതിയാണ്. ഷെഡ്ഡ് പൊളിച്ചുമാറ്റിയില്ലെങ്കിൽ സീസൺ കഴിഞ്ഞ് തിരികെയെത്തുമ്പോൾ അത് ഉപയോഗിക്കാനാവില്ല. മഞ്ഞുപാളികൾ വീണ് പൂർണമായും നശിക്കും. വിഴുപ്പ് മണക്കുന്ന തുണിക്കഷണങ്ങളും പൊട്ടിപ്പോയ ഷൂസുകളും ആട്ടിൻകാഷ്ഠവുമൊക്കെ നിറഞ്ഞതാണ് ഷെഡ്ഡുകൾ.
യാത്ര തുടങ്ങിയിട്ട് മണിക്കൂറുകളായി. കൈയിൽ കരുതിയ കുടിവെള്ളം ഒരു തുള്ളിയില്ലാതെ തീർന്നു. ക്ഷീണിച്ച് അവശനായ ശ്രീകണ്ഠൻ നടക്കാനാകാതെ ഒരു മരച്ചുവട്ടിൽ ഇരുന്നു. ഞാനും ഹാറൂണും ഇത്തിരി മുമ്പിലാണ് നടക്കുന്നത്. ഒരു മണിക്കൂർകൂടി നടന്നാൽ ബുൻബുനി താഴ്വരയിൽ എത്തും. അന്ന് അവിടെ തങ്ങാനാണ് പരിപാടി. ക്ഷീണമൊന്നും വകവയ്ക്കാതെ ഞങ്ങൾ നടക്കുകയാണ്. പെട്ടെന്ന് മഹേഷ് മുന്നിലേക്ക് ഓടിക്കയറി. അതിനേക്കാൾ വേഗത്തിൽ മുഷിയും പായുന്നു. ശ്രീകണ്ഠന് വെള്ളമെത്തിക്കാനുള്ള ഓട്ടമാണ്. നേരത്തേ വഴിയിൽ ആകെ കണ്ടത് രണ്ട് നീർച്ചോലകളാണ്. പാറയൊട്ടി ഒഴുകുന്ന അവയിൽ നിന്നാണ് ഇത്തിരി വെള്ളം കുടിച്ചത്. താഴ്വരയിൽ താഴെ എവിടെയോ വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാം. രണ്ടു കുപ്പിയുമായി ചരുവിലേക്ക് പാഞ്ഞ മഹേഷ് ഇത്തിരി കഴിഞ്ഞപ്പോൾ തിരികെ എത്തി. ക്ഷീണം മാറ്റി ശ്രീകണ്ഠനും ബാക്കിയുളളവരും യാത്ര ആരംഭിക്കുമ്പോൾ ഞങ്ങൾ താഴ്വരയിൽ എത്തിക്കഴിഞ്ഞു.
ഇരുവശവും പാറക്കല്ലുകൾ അടുക്കിയതിന് മധ്യത്തിലൂടെ നീർച്ചാൽ താഴേക്ക് പതിക്കുന്നു. ഉച്ചകഴിഞ്ഞ് മഞ്ഞു വീണുതുടങ്ങിയതിന്റെ ആലസ്യം അതിനുമുണ്ട്. ചാലിലെ വെള്ളം പലയിടത്തും കട്ട പിടിച്ചിട്ടുണ്ട്. വിസ്താരമുള്ള സ്ഥലങ്ങൾകല്ലുവീണ് പൊട്ടിയ കണ്ണാടിപോലെ. ചാലിനുമീതെയുള്ള നടപ്പാലം കടന്ന് മുകളിലേക്ക് നോക്കുമ്പോൾ ആകാശത്തേക്ക് നീളുന്ന പുൽമേട്. ബുൻബുനി അതിന്റെ എല്ലാ ചന്തവും പുറത്തുകാട്ടി കിടക്കുന്നു. ഇടയന്മാർ ഉപേക്ഷിച്ച ഒരു ഷെഡ്ഡിനുമുമ്പിൽ തോൾ സഞ്ചിയും മറ്റ് സാധനങ്ങളും ഇറക്കി ഞങ്ങളിരുന്നു. തണുപ്പ് കാറ്റിനൊപ്പം അരിച്ചെത്തുന്നു. വൈകിട്ട് മൂന്നുമണി കഴിഞ്ഞിട്ടേയുള്ളൂ. എങ്കിലും ഇരുട്ടിന്റെ വരവറിയിച്ച് മങ്ങലുണ്ട്. ഷെഡ്ഡിനുള്ളിലെ വിറകടുപ്പിന് തൊട്ടുമുമ്പുവരെ കത്തിനിന്നതിന്റെ മണം. ചാരത്തിൽ കനൽക്കട്ടകൾ തിളങ്ങുന്നു.
എല്ലാവരുമെത്തി. ഇരുട്ടുവീഴുംമുമ്പ് പ്രധാനമായി രണ്ടുജോലിയുണ്ട്. ടെന്റ് ഉറപ്പിക്കലും വിറക് ശേഖരിക്കലും. ഇതിനിടെ ഗ്രിഗറി ലഹരിക്ക് തീകൊളുത്തി. എല്ലാവരും ചേർന്ന് രണ്ട് ടെന്റും കെട്ടിയുറപ്പിച്ചു. ഞങ്ങൾ നാലുപേർക്ക് മാത്രമാണ് ടെന്റ്. ബാക്കി മൂന്നുപേർ ഷെഡ്ഡിനുള്ളിലാണ് വാസം. താഴ്വരയിലൊന്ന് കറങ്ങി തിരിഞ്ഞപ്പോൾ കുറെ വിറക് കിട്ടി. വലിയ കഷ്ണങ്ങൾ രണ്ടുപേർ ചേർന്ന് ചുമന്നുകൊണ്ടിട്ടു.
താഴ്വരയിലെ മഞ്ഞണിഞ്ഞ പർവതങ്ങൾ
ബുൻബുനിയിലെ സ്ഥിരം പരിചയക്കാരനെപ്പോലെ മുഷി ഓരോ പുൽമേട്ടിലും ഓടി നടപ്പാണ്. മൊബൈൽ ഫോൺ എല്ലാം നിശ്ചലം.
മുകളിലേക്ക് കയറിയാൽ റേഞ്ച് കിട്ടുമെന്ന് ആരോ പറഞ്ഞു. നടന്നു തളർന്ന ക്ഷീണം കാരണം ആരും മുകളിലേക്ക് കയറിയതേയില്ല. ചായയും സ്നാക്സും ഉണ്ടാക്കാൻ ഇത്തിരി സമയമെടുത്തു. കത്തിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു പ്രധാന പ്രശ്നം. പച്ചക്കപ്പലണ്ടിയും ഉണക്കമുന്തിരിയും മിഠായിയും മുന്നിൽ നിരന്നു. ചൂട് കാപ്പിക്കൊപ്പം അവയൊക്കെ കൊറിച്ച് ഇരിക്കുമ്പോഴാണ് ഗ്രിഗറി ഉച്ചഭക്ഷണത്തെക്കുറിച്ച് ഓർമിപ്പിച്ചത്. കൽഗയിൽനിന്ന് കുറേ ആലുപൊറോട്ട തയ്യാറാക്കി കൊണ്ടുവന്നിരുന്നു. ഇത്രയൊക്കെ നടന്നിട്ടും ആർക്കും വിശന്നില്ല, അഥവാ ആരും വിശപ്പിനെപ്പറ്റി ആലോചിച്ചില്ല. രാത്രിഭക്ഷണം മധുരക്കിച്ചടി ആക്കാമെന്നും ആലുപൊറോട്ട പിറ്റേന്ന് പ്രഭാതഭക്ഷണത്തിന് മാറ്റി വെക്കാമെന്നും തീരുമാനിച്ചു. എന്നിട്ടും ഇടക്കാല ആശ്വാസമായി ഒന്നോ രണ്ടോ പൊറോട്ട എല്ലാവരുമായി ശാപ്പിട്ടു.
മഞ്ഞ് മഴപോലെ പെയ്യുന്നു. സ്വെറ്ററുകളെയും വിറപ്പിച്ചാണ് കാറ്റ് വീശുന്നത്. ഇരുട്ടായി തുടങ്ങിയതും ആഴി ജ്വലിപ്പിച്ചു. രാത്രിഭക്ഷണം ആർക്കും അത്ര പിടിച്ചില്ല. കഴിച്ചുവെന്ന് വരുത്തി ടെന്റുകൾക്ക് സ്വിപ്പിട്ടു. സ്ലീപിങ് ബാഗിൽ തലവരെ ഉള്ളിലാക്കി കിടന്നിട്ടും ചൂട് പിണങ്ങിപ്പോയ കാമുകിയെപ്പോലെ അകലെയെവിടെയോ മാറി നിൽക്കുന്നു. ടെന്റിനുമീതെ കല്ലുപോലെ വീഴുന്ന മഞ്ഞ്. ശക്തമായ കാറ്റിൽ കിടപ്പാടം പറന്നുപോകുമോ എന്നുവരെ ഭയക്കാതിരുന്നില്ല. ആട്ടിടയന്മാരുടെ ഷെഡ്ഡിൽനിന്ന് ചരസുമണം ഏറ്റുവാങ്ങി കാറ്റ് മറയുന്നു. ഗ്രിഗറിയും മഹേഷും നല്ല മൂഡിലാണ്. ഏതോ പഹാഡി പാട്ട് ഗ്രിഗറിയുടെ ചുണ്ടിൽ വിരിഞ്ഞു. ബുൻബുനിയിലെ രാത്രി കൂടുതൽ ഇരുണ്ടു. അകലെ വെള്ളാരംകുന്നുകളെ ചന്ദ്രൻ ചുംബിച്ചുകൊണ്ടേയിരുന്നു. (തുടരും)