ആലുവ
സംസ്ഥാന ലോട്ടറിവകുപ്പിന്റെ 10 കോടിയുടെ സമ്മർ ബമ്പർ നേടിയ ഭാഗ്യവാനെ തിരിച്ചറിഞ്ഞു. അസം സോനജുലി സ്വദേശി ആൽബർട്ട് ടിഗ (50)യാണ് ആ ഭാഗ്യവാൻ. സിനിമാതാരം രാജിനി ചാണ്ടിയുടെ ആലുവ കൊടികുത്തുമലയിലെ വീട്ടിലെ സഹായിയാണ് ആൽബർട്ട് ടിഗ.
ലോട്ടറിയടിച്ചെന്ന് അറിഞ്ഞിട്ടും ആദ്യം ആരോടും പറഞ്ഞില്ല. പിന്നീട് രാജിനി ചാണ്ടിയുടെ ഭർത്താവ് ചാണ്ടിയോട് പറഞ്ഞു. ചാണ്ടിയോടൊപ്പം ആലുവ എസ്ബിഐ ശാഖയിലെത്തി ടിക്കറ്റ് കൈമാറി. ആലുവ ചൂണ്ടി മാഞ്ഞൂരാന് ലോട്ടറി ഏജന്‍സിയിൽനിന്നാണ് സമ്മാനാർഹമായ എസ് ഇ 222282 നമ്പര്‍ ടിക്കറ്റെടുത്തത്.
1995 മുതല്‍ രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആൽബർട്ട്. പതിവായി ലോട്ടറി എടുക്കാറുണ്ട്. വിവിധസ്ഥലങ്ങളിൽനിന്നായി ആഴ്ചയിൽ 2000 രൂപയുടെ ലോട്ടറി എടുക്കും. കഴിഞ്ഞമാസം 3000 രൂപ സമ്മാനം ലഭിച്ചിരുന്നു. അസമിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വീടാണുള്ളതെന്ന് ആൽബർട്ട് ടിഗ പറഞ്ഞു. നല്ലൊരു വീട് നിർമിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അഞ്ജല ടിഗയാണ് ഭാര്യ. ഏലിയാസ്, ഡേവിഡ് എന്നിവർ മക്കൾ.