തിരുവനന്തപുരം
അറുപത് വർഷം പൂർത്തിയാക്കുന്ന ചിന്ത വാരിക പരിഷ്കരിച്ച ഓൺലൈൻ പതിപ്പ് ‘ചിന്ത പ്ലസ്’ പുറത്തിറക്കി. എ കെ ജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പതിപ്പ് പുറത്തിറക്കിയത്. ആധുനിക കാഴ്ചപ്പാടിന് അനുസരിച്ച് മാറ്റത്തിന്റെ പാതയിലാണ് ചിന്തയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ശാസ്ത്രസാങ്കേതികവിദ്യയുടെയും പുത്തൻ ആശയങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ നവീകരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള അധ്യക്ഷനായി. ചിന്ത ചീഫ് എഡിറ്റർ ടി എം തോമസ് ഐസക്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, ചിന്ത മാനേജർ കെ എ വേണുഗോപാൽ, സി പി നാരായണൻ, ആർ പാർവതീദേവി, കെ ആർ മായ എന്നിവർ പങ്കെടുത്തു.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ പംക്തികളും ലേഖനങ്ങളും പഠനങ്ങളും വീഡിയോകളും ഉൾപ്പെടുത്തിയാണ് ചിന്ത പ്ലസ് പുറത്തിറങ്ങുന്നത്. വെബ്സൈറ്റ്: www.chintha.in
ചിന്ത പ്ലസിൽ 100 പേജ്
ചിന്ത വാരികയുടെ ഓൺലൈൻ പതിപ്പിൽ 100 പേജുണ്ട്. 48 പേജിൽ അച്ചടിക്കുന്ന ചിന്തയിലെ പേജുകൾക്കു പുറമെ 52 പേജുകൂടി ചേർത്താണ് ഓൺലൈൻ പതിപ്പ് ഇറക്കുന്നത്. ഇവ സൗജന്യമായി വായിക്കാം. അച്ചടിച്ച ചിന്തയിൽ ചിന്ത പ്ലസിന്റെ ഉള്ളടക്കം നൽകും. ഒപ്പം നൽകുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ചിന്ത പ്ലസിലേക്ക് നേരിട്ടുപോകാം. ഇ–- വാരികയ്ക്കു പുറമെ ഓൺലൈൻ എഡിഷനിൽ കേരള പഠനം, ഗവേഷണം, സംസ്ഥാനങ്ങളിലൂടെ, രാജ്യങ്ങളിലൂടെ, ജെൻഡർ എന്നിങ്ങനെ വിവിധ പംക്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്.