തിരുവനന്തപുരം
അടിയന്തരപ്രമേയം അടക്കമുള്ളവയിൽ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സ്പീക്കർ റൂളിങ്ങിൽ ഉറപ്പ് നൽകിയിട്ടും സഭാ നടപടികൾ സ്തംഭിപ്പിച്ച് പ്രതിപക്ഷം. തുടർച്ചയായ ആറാം ദിവസവും സഭ കലാപവേദിയാക്കി.
സ്പീക്കർ സഭയിലെത്തിയ ഉടൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭ നടത്താൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി എഴുന്നേറ്റു. തങ്ങൾ കൊണ്ടുവരുന്ന അടിയന്തര പ്രമേയങ്ങളെല്ലാം അവതരിപ്പിക്കാൻ അനുമതി നൽകണമെന്നും എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം. സാധാരണ ജനങ്ങളെ ബാധിക്കുന്ന ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്ന് സ്പീക്കർ എ എൻ ഷംസീർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ബഹളം തുടർന്നു. മുതിർന്ന അംഗങ്ങളടക്കം പ്ലക്കാർഡും ബാനറുമായി നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തിയതോടെ സഭ തൽക്കാലത്തേക്ക് നിർത്തിവച്ചു. പകൽ 11ന് കാര്യോപദേശക സമിതി ചേർന്നു. ഇതുമായി സഹകരിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചെങ്കിലും പ്രതിപക്ഷം തയ്യാറായില്ല.
കാര്യോപദേശക സമിതിക്കുശേഷം 11.30ന് സഭ പുനരാരംഭിച്ചു. സ്പീക്കറുടെ റൂളിങ് പൂർത്തിയായതോടെ പ്രതിപക്ഷം വീണ്ടും ബഹളമാരംഭിച്ചു. അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് മന്ത്രി പി രാജീവ് കണക്ക് നിരത്തി പറഞ്ഞു. കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ച് പ്രതിപക്ഷം ബഹളം തുടർന്നതോടെ സഭ ഒരു ദിവസത്തേക്ക് പിരിയുകയായിരുന്നു.