ന്യൂഡല്ഹി> ലിവിംഗ് ടുഗദര് ബന്ധങ്ങള് നിയമപരമായി രജിസ്റ്റര് ചെയ്യുന്നതിന് വേണ്ടി നിയമനിര്മ്മാണം നടത്തണമെന്ന ഹര്ജി സുപ്രിം കോടതി തള്ളി. ലിവിംഗ് ടുഗദര് ബന്ധങ്ങള് കേന്ദ്രം രജിസ്റ്റര് ചെയ്യണമെന്നായിരുന്നു ഹര്ജിക്കാരന്റെ ആവശ്യം. ഹര്ജിക്കാരന്റെ ആവശ്യത്തെ ബുദ്ധിശൂന്യമായ ആശയം എന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹര്ജി തള്ളിയത്.
ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്.’എന്താണിത്? സുപ്രീംകോടതിയില് എന്തിനും ഏതിനും ആവശ്യമായി ആളുകള് എത്തുകയാണ്.
ഇത്തരം കേസുകളില് ഇനി ചെലവ് ഈടാക്കുന്നതായിരിക്കും. ആരുമായിട്ടാണ് രജിസ്റ്റര് ചെയ്യേണ്ടത്? കേന്ദ്ര സര്ക്കാരുമായോ? ലിവിംഗ് ടുഗദറിലായിരിക്കുന്ന ആളുകളുമായി കേന്ദ്ര സര്ക്കാരിന് എന്താണ് ബന്ധം? ഇത്തരം ആളുകളുടെ സുരക്ഷയാണോ ഉറപ്പാക്കുന്നത് അതോ ലിവിംഗ് ടുഗദര് അനുവദിക്കാതിരിക്കുകയാണോ? ദയവായി ഇത്തരം ഹര്ജികള്ക്ക് ചെലവ് ഈടാക്കണം. ഹര്ജിയിലെ ആവശ്യം തികച്ചും ബുദ്ധിശൂന്യമായ ആശയമാണ്. ആവശ്യം തള്ളിയിരിക്കുന്നു’വെന്ന അതിരൂക്ഷ വിമര്ശനമാണ് ചീഫ് ജസ്റ്റിസ് ഉയര്ത്തിയത്.