ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മധ്യപ്രദേശിൽ ഗോതമ്പിന്റെ വിലയിടിവ് ഭരണകക്ഷിയായ ബിജെപിക്ക് പ്രതിസന്ധിയാകുന്നു. ഗോതമ്പിന് സർക്കാർ പ്രഖ്യാപിച്ച കുറഞ്ഞ താങ്ങുവില ക്വിന്റലിന് 2125 രൂപയാണ്. എന്നാൽ 1800–-2000 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. പഞ്ചാബ് കഴിഞ്ഞാൽ കേന്ദ്ര പൂളിലേക്ക് ഏറ്റവും കൂടുതൽ ഗോതമ്പ് എത്തുന്നത് മധ്യപ്രദേശിൽനിന്നാണ്. വിളവെടുപ്പ് തുടങ്ങി ആഴ്ചകളായിട്ടും സർക്കാരിന്റെ മിനിമം താങ്ങുവിലയിലുള്ള പൊതുസംഭരണം ഇനിയും ആരംഭിച്ചിട്ടില്ല.
മാർച്ച് 25 മുതൽ പൊതുസംഭരണം ആരംഭിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. എന്നാൽ, മധ്യപ്രദേശിലെ വിപണികളിലെല്ലാം ഗോതമ്പ് എത്തിക്കഴിഞ്ഞു. പൊതുസംഭരണം ഇനിയും വൈകിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് സംഘപരിവാർ അനുകൂല കർഷക സംഘടനകൾപോലും പറയുന്നത്.
പൊതുവിപണിയിൽ ഉയർന്ന വില കിട്ടിയേക്കുമെന്ന പ്രതീക്ഷയിൽ നിരവധി കർഷകർ സർക്കാർ സംഭരണത്തിനായി രജിസ്റ്റർ ചെയ്തില്ല. വിപണിയിൽ വില ഇടിഞ്ഞതോടെ ഈ കർഷകരെല്ലാം ദുരിതത്തിലാണ്.