ന്യൂഡൽഹി
ആത്മഹത്യയല്ല, പോരാട്ടമാണ് മാർഗമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ അധികാരക്കോട്ടകളെ വിറപ്പിച്ച് മുന്നേറിയ ഉജ്വല കർഷക ലോങ്മാർച്ച് വിജയം നേടിയത് അഞ്ച് ദിവസത്തിനുള്ളിൽ. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ചെങ്കൊടികളേന്തി നാസിക്കിൽനിന്ന് മുംബൈയിലേയ്ക്ക് 12ന് പുറപ്പെട്ട രണ്ടാം ലോങ് മാർച്ച് ലക്ഷ്യത്തിലേക്ക് എത്തുംമുമ്പ് ശിവസേന–- ബിജെപി സർക്കാർ മുട്ടുകുത്തി.
ചർച്ചയ്ക്ക് സന്നദ്ധനായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആവശ്യങ്ങൾ അംഗീകരിച്ചു. കിസാൻ സഭ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്ളെയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഉത്തരവിറക്കണമെന്ന് ഉപാധിവച്ചു. മാർച്ച് താനെ ജില്ലയിലെ വസിന്ത് ഗ്രാമത്തിൽ താൽക്കാലികമായി തമ്പടിച്ചു. സർക്കാർ ഉത്തരവിറക്കിയതോടെ വിജയാഘോഷത്തോടെ 16ന് മാർച്ച് പിരിഞ്ഞു.
പതിനായിരം കർഷകരുമായി തുടങ്ങിയ മാർച്ച് എഴുപതിനായിരത്തോളം പേരുടെ പങ്കാളിത്തത്തിലേക്കാണ് വളർന്നത്. സംഘടിത കർഷക പ്രക്ഷോഭത്തിന്റെ ഭാവി പോരാട്ടങ്ങൾക്കും ആവേശം പകരുന്നതാണ് ഈ ഉജ്വല വിജയം. മുംബൈ നഗരത്തിന് നൂറുകിലോമീറ്റർ അകലെയെത്തിയപ്പോൾത്തന്നെ സർക്കാർ വഴങ്ങി. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിനെ പിടിച്ചുലച്ച 2018ലെ ഒന്നാം ലോങ് മാർച്ചിന്റെ ആവേശ സ്മരണയിലായിരുന്നു കർഷകരുടെ മുന്നേറ്റം.
അന്ന്, മാർച്ച് ആറിന് തുടങ്ങിയ മാർച്ച് മുംബൈ നഗരത്തിൽ കടന്നശേഷം സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചതോടെ പതിമൂന്നിനാണ് അവസാനിച്ചത്. എന്നാൽ, പല വാഗ്ദാനങ്ങളും ബിജെപി സർക്കാർ പാലിച്ചില്ല. ഇതടക്കം മുന്നിൽക്കണ്ടാണ് സർക്കാർ ഉത്തരവിറക്കണമെന്ന് ഇത്തവണ കിസാൻസഭ ഉപാധിവച്ചത്.