കൊച്ചി> കോൺഗ്രസ് സമരത്തിനിടെ കൊച്ചി കോർപറേഷൻ സെക്രട്ടറിയെയും ജീവനക്കാരെയും മർദിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ചെറായി പെരുന്തേടത്ത് നോബൽകുമാർ (34), സേവാദൾ പ്രവർത്തകൻ പുല്ലേപ്പടി സി പി ഉമ്മർ റോഡ് കക്കാട്ട് നവാസ് (55) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ ഉദ്യേഗസ്ഥരെ മർദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് അറസ്റ്റ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കങ്ങരപ്പടി വടകോട് പരുത്തിക്കൽ പി വൈ ഷാജഹാൻ (34), എറണാകുളം ബ്ലോക്ക് പ്രസിഡന്റ് വടുതല ഗ്രീൻലൈൻ റോഡ് പൂതംപിള്ളി സിജോ ജോസഫ് (29) എന്നിവർ ശനിയാഴ്ച മൂന്നാറിൽ അറസ്റ്റിലായിരുന്നു. വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമായിരുന്നു അറസ്റ്റ്. നാലുപേരെയും റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ലാൽ വർഗീസ് വെള്ളിയാഴ്ച അറസ്റ്റിലായിരുന്നു.
ഒളിവിലുള്ള യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സോണി പനന്താനത്തിനും യുഡിഎഫ് അനുകൂല സംഘടനയായ കെഎംസിഎസ്എയുടെ സംസ്ഥാന സെക്രട്ടറിയും കോർപറേഷൻ ഓഫീസിലെ സീനിയർ ക്ലർക്കുമായ ഒ വി ജയരാജിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.
നോബൽകുമാർ വധശ്രമത്തിന് ശിക്ഷ ലഭിച്ചയാൾ
2010ൽ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം കെ പി അനീഷ് ഉൾപ്പെടെയുള്ളവരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പറവൂർ അഡീഷണൽ സെഷൻസ് കോടതി ഏഴുവർഷം തടവിന് ശിക്ഷിച്ചയാളാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നോബൽകുമാർ. ബോംബെറിഞ്ഞശേഷം അനീഷിന്റെ കാൽ വടിവാൾകൊണ്ട് വെട്ടിമാറ്റുകയായിരുന്നു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ടി വി അജയകുമാറിനെ ആക്രമിച്ച കേസിലും പ്രതിയാണ്. കേസ് കോടതി പരിഗണനയിലാണ്.
ചെറായി ഗൗരീശ്വരം ഭാഗത്തെ ക്രിമിനൽസംഘാംഗമായ നോബൽ നിരവധി കേസുകളിൽ പ്രതിയാണ്. മലബാറിൽ കുഴൽപ്പണക്കേസിൽ പ്രതിയായി 95 ദിവസം ജയിലിലായിരുന്നു. ആൾക്കാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതായും ആക്ഷേപമുണ്ട്. അടുത്തിടെ റോഡുപണിയുമായി ബന്ധപ്പെട്ട് ഒരു കോൺട്രാക്ടറിൽനിന്ന് 5000 രൂപ പിടിച്ചുവാങ്ങിയതായി ആരോപണം ഉയർന്നിരുന്നു.