തൃശൂർ> തൃശൂരിൽനിന്ന് എറണാകുളം ലോകോളേജിൽ എത്തിയുള്ള പഠനം, കാഴ്ചപരിമിതനായ വിയ്യൂർ സ്വദേശി അർജുന് ചിന്തിക്കാനാവുമായിരുന്നില്ല. അതിനാൽ എൽഎൽഎമ്മിന് പ്രവേശനം കിട്ടിയപ്പോഴും സന്തോഷിക്കാനായില്ല. തുടർന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെ കണ്ടു. പ്രശ്ന പരിഹാരമായി തൃശൂർ ലോ കോളേജിൽ കാഴ്ചപരിമിതി നേരിടുന്നവർക്കായി ഒരു സീറ്റ് സൃഷ്ടിക്കാൻ കലിക്കറ്റ് സർവകലാശാലയുമായി മന്ത്രി ബന്ധപ്പെട്ടു.
സർവകലാശാല ഉടൻ തീരുമാനമെടുത്തു. തുടർന്ന് അർജുന്റെ പഠനം എറണാകുളം ലോ കോളേജിൽനിന്ന് തൃശൂർ ലോ കോളേജിൽ പുതുതായി സൃഷ്ടിച്ച സീറ്റിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് മന്ത്രി നൽകി. പഠനം മുടങ്ങിയേക്കാമെന്ന സാഹചര്യത്തിലാണ് സീറ്റ് മാറ്റി നൽകിയത്. ‘തൃശൂരിൽനിന്ന് എറണാകുളംവരെപോയി പഠിക്കാനുള്ള അവസ്ഥ ഇല്ല. നന്ദിയുണ്ട്, ഒപ്പംനിന്ന സർക്കാരിന്’ അർജുൻ പറഞ്ഞു.
തൃശൂർ ലോകോളേജിൽനിന്നായിരുന്നു അർജുൻ എൽഎൽബി പൂർത്തിയാക്കിയത്. പ്രത്യേക സീറ്റൊരുക്കിയാണ് അർജുന് ട്രാൻസ്ഫർ നൽകിയതെന്നും ഇതിനുള്ള ഉത്തരവ് കലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കൈമാറിയെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗവും പൊതുവിദ്യാഭ്യാസ രംഗവും കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കിക്കൊണ്ട് കുട്ടികളെ ശാക്തീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഭാവിയിൽ വിദ്യാർഥികൾക്ക് ആവശ്യം വരുമ്പോൾ സൗകര്യപ്രദമായ സ്ഥലത്തേക്ക് സീറ്റ് മാറ്റി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിയ്യൂർ പുൽക്കോട്ടിൽ കൃഷ്ണകുമാറിന്റെയും അമ്പിളിയുടെയും മകനാണ് അർജുൻ.