ന്യൂഡൽഹി> മോദി സർക്കാരിനെതിരായുള്ള രണ്ടാം കർഷക പോരാട്ടത്തിന് തിങ്കളാഴ്ച തുടക്കമാകും. ഡൽഹി രാംലീല മൈതനാത്ത് ലക്ഷങ്ങൾ പങ്കെടുക്കുന്ന കർഷക മഹാപഞ്ചായത്തോടെയായിരിക്കും സുശക്തമായ പോരാട്ടത്തിന് തുടക്കം കുറിക്കുകയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സമരഭടന്മാർ ഡൽഹിയിൽ എത്തിത്തുടങ്ങി.
മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകുക, വിഷയത്തിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിട്ട് കർഷക നേതാക്കളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റിയുണ്ടാക്കുക, എല്ലാ കാർഷിക ലോണുകളും എഴുതിത്തള്ളുക, കർഷകരുടെ നടുവൊടിക്കുന്ന വൈദ്യുതി ബിൽ അടിയന്തരമായി പിൻവലിക്കുക, ലഖീംപൂർഖേരി കർഷക കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനായ കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ക്യാബിനറ്റിൽ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മഹാപഞ്ചായത്ത് നടക്കുക.
രണ്ടര വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനം വൻ കർഷക സമരത്തിന് ആതിഥ്യമരുളുന്നത്. മഹാപഞ്ചായത്തിനോട് അനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലും പരിപാടികൾ നടക്കും. കാർഷിക വരുമാനത്തെ തുരങ്കം വയ്ക്കുന്നതും കോർപ്പറേറ്റുകളുടെ ലാഭത്തിന് മാത്രം സഹായിക്കുന്നതുമാണ് മോദി സർക്കാരിന്റെ വികസന നയമെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ സംയുക്ത കിസാൻ മോർച്ച നേതാക്കളായ ഹന്നൻ മൊള്ള, ദർശൻ പാൽ, ഭൂട്ടാസിങ്, സാമൂഹ്യപ്രവർത്തക മേധാ പട്കർ തുടങ്ങിയവർ സംസാരിച്ചു.