കോഴിക്കോട്> ആർഎസ്എസുമായി മുസ്ലിം ലീഗ് നേതൃത്വം ചർച്ച നടത്തിയെന്നത് സ്ഥിരീകരിച്ച് മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. കുഞ്ഞാലികുട്ടിക്ക് വേണ്ടി ലീഗ് എംഎൽഎയുമായാണ് ചർച്ച നടത്തിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത് എംഎൽഎയാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. അല്ലാത്തപക്ഷം കാര്യങ്ങൾ തുറന്നുപറയാൻ നിർബന്ധിതമാകും. ജമാഅത്തെ ഇസ്ലാമി– ആർഎസ്എസ് ചർച്ചയുടെ ഘട്ടത്തിലാണ് ലീഗുമായും ചർച്ച നടന്നത്.
സോളാർ കേസിൽ യുഡിഎഫ് നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ബഷീറലി തങ്ങളുടെ അടുത്തേക്ക് സരിത നായരെ വിട്ടത് പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന് പറയുന്നുണ്ട്. അതിനൊപ്പം വേറെയും പരാമർശങ്ങളുണ്ട്. നിയമസഭയുടെ മേശപ്പുറത്തുവച്ച കമ്മീഷൻ റിപ്പോർട്ടിൽ നിന്നും ഈ ഭാഗം ഇതുവരെ മാറ്റിയിട്ടില്ല.
നേതൃത്വത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തി എന്നാണ് തനിക്കെതിരായ കുറ്റം. പാർടി കമ്മിറ്റികളിലാണ് ചോദ്യമുന്നയിച്ചത്. അതിന് കൃത്യമായ മറുപടി നൽകാൻ നേതൃത്വം തയ്യാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയത്തിന് കാരണം കുഞ്ഞാലിക്കുട്ടി അഞ്ചു വർഷത്തിനിടെ നാലു തവണ വിവിധ പദവികളിൽ സത്യപ്രതിജ്ഞചെയ്തതാണെന്ന് പറഞ്ഞു. അതിൽ ഉറച്ചു നിൽക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാനിടയായ സാഹചര്യം വ്യക്തമാക്കണമെന്ന ചോദ്യത്തിനും മറുപടി ലഭിച്ചിട്ടില്ല.
ശനിയാഴ്ച നടന്ന ലീഗ് സംസ്ഥാന ജനറൽ കൗൺസിൽ നിയമ വിരുദ്ധമാണ്. കൗൺസിൽ ചേരുന്നതിനെതിരെ കോടതിയുടെ മൂന്ന് ഇൻജങ്ഷൻ ഉത്തരവുകൾ നിലവിലുണ്ട്. ഇത് അവഗണിച്ചാണ് കൗൺസിൽ ചേർന്നത്. രാജ്യത്തെ നിയവവ്യവസ്ഥയെ വെല്ലുവളിക്കുകയാണ് ലീഗ് ചെയ്തത്. ഇതിനെതിരെ നിയമ പോരാട്ടം തുടരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ മുനീർ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.