കളമശേരി> കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്ഐഎൽ) കൈമാറിയാൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യവസായമന്ത്രി പി രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു. കമ്പനി അടച്ചുപൂട്ടുമെന്ന് പാർലമെന്റിൽ കേന്ദ്രസർക്കാർ അറിയിച്ചതിനുപിന്നാലെയാണ് വ്യവസായമന്ത്രി ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.
കമ്പനി അടച്ചുപൂട്ടാനുള്ള തീരുമാനം പ്രതിഷേധാർഹമാണ്. കേന്ദ്ര പൊതുമേഖലയിലെ ഏക കീടനാശിനി നിർമാണ കമ്പനിയായ എച്ച്ഐഎല്ലിന്റെ കൊച്ചി യൂണിറ്റ് നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ലാഭകരമായി പ്രവർത്തിച്ചിരുന്ന സ്ഥാപനമാണിത്. സ്ഥാപനത്തെ നിരുത്തരവാദപരമായി കൈകാര്യം ചെയ്താണ് നഷ്ടത്തിലാക്കിയത്. നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് സ്വകാര്യവൽക്കരിക്കുന്ന സമീപനം ആവർത്തിക്കുകയുമാണ്. സ്ഥാപനം അടച്ചുപൂട്ടുമ്പോൾ നിലവിലുള്ള ജീവനക്കാരെയും കുടുംബങ്ങളെയും സംരക്ഷിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കമ്പനിയെ ലാഭകരമാക്കാനോ ആധുനികവൽക്കരിക്കാനോ നടപടി സ്വീകരിച്ചില്ലെന്നുമാത്രമല്ല, ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള പദ്ധതിപോലും സ്വീകരിച്ചിരുന്നില്ല. ഉദ്യോഗമണ്ഡൽ യൂണിറ്റിന്റെ പുനരുജ്ജീവനത്തിന് നടപടി സ്വീകരിക്കാൻ കഴിയില്ലെങ്കിൽ സംസ്ഥാന സർക്കാരിന് സ്ഥാപനം കൈമാറാൻ കേന്ദ്രസർക്കാർ തയ്യാറാകണം. കമ്പനി സംസ്ഥാന സർക്കാരിന് കൈമാറുകയാണെങ്കിൽ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ലാഭകരമല്ലെന്നു പറഞ്ഞ് അടച്ചുപൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ലേലത്തിൽ ഏറ്റെടുത്ത് നല്ലരീതിയിൽ നടത്തിക്കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ട്. ഇത് മുഖവിലയ്ക്കെടുത്ത് തൊഴിലാളികളോടും കേരളത്തോടും അനുഭാവനിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.